തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് ആയിരിക്കും നൽകുക. 20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഐടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിയോ ആയിരിക്കും മദ്യശാല നടത്തുക. ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൾ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. ഐടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം വർദ്ധിപ്പിക്കുവാൻ ഇത് ഇടയാക്കുമെന്ന വിലയിരുത്തലും തള്ളിക്കളഞ്ഞാണ് സർക്കാർ നീക്കം.
ഐടി പാർക്കുകളിൽ മദ്യ വില്‍പ്പനക്ക് ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശകമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു വിശദീകരണം. വലിയ വിവാദമായെങ്കിലും സർക്കാർ നടപടികളുമായി മുന്നോട്ട് പോയി. രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്താണ് എക്സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചത്. ചട്ടഭേദഗതിക്കാണിപ്പോൾ നിയമസഭാ സമിതിയുടെ അംഗീകാരം. മദ്യവില്പനയുടെ ചുമതല ഐടി പാർക്ക് അധികൃതർക്ക് മാത്രം നൽകണമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ആദ്യ ശുപാർശ. പക്ഷെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ഇതിൽ ഭേദഗതി കൊണ്ടുവന്നു.
പാർക്കിന്‍റെ നടത്തിപ്പുക്കാരായ പ്രൊമോട്ടർമാർക്കാണ് ലൈസൻസ് അനുവദിക്കുക.പക്ഷെ പ്രൊമോട്ടർക്ക് ആവശ്യമെങ്കിൽ മദ്യവില്പനയുടെ ചുമതല നടത്തിപ്പ് പരിചയമുള്ള പുറത്തുള്ളവർക്കും നൽകാമെന്നാണ് ഭേദഗതി. ബാറുകളിലെ വില്‍പ്പന കുറയുമെന്ന് പറഞ്ഞ് ആദ്യം തീരുമാനത്തെ എതിർത്ത് ബാറുടമകളെ വളഞ്ഞവഴിയിൽ സഹായിക്കുന്നതാണ് ഭേദഗതി. പ്രതിപക്ഷവും സമിതിയിൽ ഇക്കാര്യം പറഞ്ഞാണ് എതിർത്തത്. പക്ഷെ നടത്തിപ്പ് പുറത്ത് കൈമാറിയാലും ഉത്തരവാദിത്തം പ്രൊമോട്ടർക്ക് തന്നെയാകുമെന്നായിരുന്നു സർക്കാർ വിശദീകരണം.