സംസ്ഥാനത്ത് പിന്‍വാതിലിലൂടെ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം; ഓൺലൈൻ വഴി മദ്യം വിൽക്കാമെന്ന് കര്‍മ്മസമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം:  സംസ്ഥാനത്ത് പിന്‍വാതിലിലൂടെ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം. ഓൺലൈൻ വഴി മദ്യം വിൽക്കാമെന്ന് ലോക്ഡൗൺ പിൻവലിക്കാനുള്ള മാർഗ്ഗരേഖയില്‍ കര്‍മ്മസമിതി നിര്‍ദേശിക്കുന്നു. നേരത്തെ ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ നീക്കം. ടി.എൻ പ്രതാപൻ എം.പി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ മദ്യാസക്തി ഉള്ളവർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ പൂർണ്ണമായും ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേർ സംസ്ഥാനത്തുണ്ടെന്നും  കൊവിഡ് രോഗപ്രതിരോധ  സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍  കോടതിയിൽ വാദിച്ചു.

എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തി ഉള്ളവര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്. മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

 

 

Comments (0)
Add Comment