മദ്യനയം: ഒന്നാം തീയതിയും ഇനി മദ്യം കിട്ടും; ഡ്രൈ ഡേയിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ

Jaihind Webdesk
Tuesday, August 6, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്‍റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ട്.

ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്‍റെയും ടൂറിസം വകുപ്പിന്‍റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്. എന്നാൽ മദ്യ നയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാർ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു. ഇതോടെ പൂർണമായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിർദ്ദേശത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയി. ബാറുടമകളുടെ ആവശ്യം പൂർണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.

മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഡ്രൈ ഡേകള്‍. മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ഈ ദിവസങ്ങളിൽ ഒരു തുള്ളി മദ്യം എവിടെ നിന്നും ആർക്കും ലഭിക്കില്ല. ഒരു പരിപാടിയ്ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്‍ഷത്തില്‍ ഏകദേശം 20,21 ദിവസങ്ങള്‍ ഡ്രൈ ഡേയായി വരാം. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലൊക്കെ ഡ്രൈ ഡേയാണ്.