കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണം 35 ആയി, 70 ഓളം പേർ ചികിത്സയില്‍, മദ്യത്തില്‍ മെഥനോളിന്‍റെ അംശം കണ്ടെത്തി

Jaihind Webdesk
Thursday, June 20, 2024

 

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരണം 35 ആയി. 70 ഓളം പേർ ചികിത്സയിലാണ്. സംഭവത്തില്‍ സിബി-സിഐഡി അന്വേഷണം ആരംഭിക്കും. ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്‍റെ അംശം കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.

ചികിത്സയിലുള്ള 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പെടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു.