നാളെ മുതല്‍ ബാറിലും ബിവറേജസിലും നേരിട്ടെത്തി മദ്യം വാങ്ങാം; ആപ്പ് ഒഴിവാക്കി

Jaihind Webdesk
Wednesday, June 16, 2021

തിരുവനന്തപുരം : ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും നാളെ തുറക്കും. ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി മദ്യം വാങ്ങുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം.

ശാരീരിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഇതിനു പൊലീസിന്‍റെ സഹായം തേടാനും തീരുമാനമായി. ഷോപ്പുകൾ വൃത്തിയാക്കാൻ റീജനൽ മാനേജർമാർക്കും മാനേജർമാർക്കും ബെവ്കോ എംഡി നിർദേശം നൽകി. ഏപ്രിൽ 26 മുതൽ ഷോപ്പുകൾ അടഞ്ഞു കിടക്കുകയാണ്.

ആപ്പിന്‍റെ സാങ്കേതിക സംവിധാനത്തെക്കുറിച്ച് ബെവ്കോ എംഡി ബുധനാഴ്ച രാവിലെ ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ആപ്പ് പ്രവര്‍ത്തനസജ്ജമാകാന്‍ വൈകുമെന്ന്  അറിയിച്ചതോടെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് 604 ബാറുകളും 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളുമാണ് പ്രവർത്തിക്കുന്നത്.