ബൈജൂസ് ലേണിങ് ആപ്പിന്‍റെ ഗ്ലോബല്‍ അംബാസിഡറായി ലയണല്‍ മെസ്സി

Jaihind Webdesk
Friday, November 4, 2022

ബൈജൂസ് ലേണിങ് ആപ്പിന്റെ ഗ്ലോബല്‍ അംബാസിഡറായി ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ നിയമിച്ചു. മെസ്സി ബൈജൂസുമായി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭാസമെന്ന ആശയത്തോട് താത്പര്യമെന്ന് മെസി വ്യക്തമാക്കി. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസ്സിയുടെ ചിത്രവും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസ്സിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ട് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരും കൂടിയാണ് ബൈജൂസ് ലേണിങ് ആപ്പ്.

‘ബൈജുസിന്‍റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. എക്കാലത്തെയും മികച്ച കളിക്കാരന്‍, കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും മികവുള്ള വ്യക്തികൂടി ആണെന്നതില്‍ അതിശയിക്കാനില്ല. ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വലിയ സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ മെസ്സിയുമായി കരാര്‍ ഒപ്പുവെച്ചതിന്റെ വിവരം അറിയിച്ചുകൊണ്ട് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുല്‍ നാഥ് പറഞ്ഞു.