ലഹരിക്കച്ചവടക്കാരുമായി ബന്ധം വെളിപ്പെട്ടു. ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

Jaihind News Bureau
Saturday, April 19, 2025

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്‌ററില്‍. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27 പ്രകാരമാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്. നിലവില്‍ സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രാസലഹരി ഉള്‍പ്പെടെ വില്‍പന നടത്തുന്നവരുമായി ബന്ധം ഷൈന്‍ ടോം സമ്മതിച്ചതായാണ് വിവരം. എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

ലഹരി ഉപയോഗിച്ചിരുന്നതായും ലഹരി ഉപയോഗത്തിന് പലരേയു പ്രേരിപ്പിക്കുകയും അതില്‍ പങ്കാളി ആകുകയും ചെയ്തത് അടക്കമുള്ള കുറ്റങ്ങളാണ് ഷൈനിന് എതിരേ ചുമത്തിയിരിക്കുന്നത്. ലഹരി വില്‍പ്പനക്കാരുമായി നടന്റെ ബന്ധങ്ങളും വെളിപ്പെട്ടിട്ടുണ്ട്. ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുമുണ്ട്.

ഷൈന്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം . നേരത്തേ നിയമോപദേശം തേടിയ ഷൈന്‍ ആദ്യം പൊലീസിനു മുന്നില്‍ പ്രതിരോധം ഉയര്‍ത്തിയെങ്കിലും പെട്ടെന്നു തന്നെ അതു തകര്‍ന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറി. ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ റെക്കോര്‍ഡുകളും നിര്‍ണായകമായി.