എം സി കമറുദ്ദീന് പിന്തുണ പ്രഖ്യാപിച്ച് മഞ്ചേശ്വരത്തെ ഭാഷാന്യൂനപക്ഷങ്ങൾ

Jaihind News Bureau
Thursday, October 10, 2019

മഞ്ചേശ്വരത്ത് ഭാഷാന്യൂനപക്ഷങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് പിന്തുണ പ്രഖ്യാപിച്ചു.  ബ്യാരി, ഉർദു സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളാണ് എം സി കമറുദ്ദീന്‍റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടാണ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിർണായകം.  കന്നഡ, തുളു, ബ്യാരി, ഉർദു, മറാത്തി, ഹിന്ദി , കൊങ്കിണി ഉൾപ്പടെയുള്ള ഭാഷകൾ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളാണ് മഞ്ചേശ്വരത്തുള്ളത്. ബ്യാരി, ഉർദു ഭാഷകൾ സംസാരിക്കുന്നവരുടെ സംഘടനകളാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ബ്യാരി ഭാഷ സംസാരിക്കുന്ന പന്ത്രണ്ടായിരത്തോളം വോട്ടർമാരാണ് മഞ്ചേശ്വരത്ത് ഉള്ളത്. യു ഡി എഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന്‍റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ബ്യാരി ഭാഷ സംസാരിക്കുന്നവരുടെ പ്രതിനിധികൾ പറഞ്ഞു.

ഉർദു അക്കാദമി ഉൾപ്പടെയുളള വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചത് മുൻ എംഎൽഎയായ പി.ബി അബ്ദുൾ റസാഖ് ആണെന്നും അതിനാൽ യു ഡി എഫിന് വോട്ടു ചെയ്യുമെന്നാണ് ഉർദു ഭാഷ സംസാരിക്കുന്നവരുടെ നിലപാട്.

ഭാഷാന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരുടെ വോട്ട് ലക്ഷ്യമിട്ടാണ് ബി ജെ പിയും, എൽ ഡി എഫും ഭാഷാന്യൂനപക്ഷങ്ങളിൽ നിന്നുള്ള ആളുകളെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്. എന്നാൽ ഭാഷാ ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന നിലാപാടാണ് യു ഡി എഫിന്‍റേത്.