‘അനുരാഗ ഗാനം പോലെ’ സംഗീതത്തിന്‍റെ ഭാവഗായകന്‍ മാഞ്ഞു; പി.ജയചന്ദ്രന് വിട

Thursday, January 9, 2025

 

തൃശൂർ: മലയാളികളുടെ പ്രിയപ്പെട്ട ‘ഭാവഗായകന്‍’  പി. ജയചന്ദ്രന്‍ (80) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ത്യന്‍ സംഗീതലോകത്തെ മഹാനായ പ്രതിഭയെയാണ് നഷ്ടപ്പെട്ടത്. സംഗീതപ്രേമികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്‍റെ വേര്‍പാട് തീരാനഷ്ടമാണ്.

1944 മാര്‍ച്ച് 3-ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് ജയചന്ദ്രന്‍ ജനിച്ചത്. കഥകളി, മൃദംഗം, ചെണ്ടവായന, പൂരം, പാഠകം, ചാക്യാര്‍കൂത്ത് എന്നിവയോടുള്ള താല്‍പ്പര്യം സ്‌കൂള്‍ കാലത്തുതന്നെ പ്രകടിപ്പിച്ച അദ്ദേഹം, ലളിതസംഗീതത്തിലും മൃദംഗവാദനത്തിലും നിരവധി സമ്മാനങ്ങള്‍ നേടി.

1965-ല്‍ ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ്’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര ഗാനലോകത്തേക്ക് അദ്ദേഹത്തിന്‍റെ പ്രവേശനം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 16,000-ലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന അദ്ദേഹത്തിന്‍റെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’, ‘അനുരാഗഗാനം പോലെ’, ‘രാജീവനയനേ നീയുറങ്ങൂ’, ‘രാസാത്തി ഉന്നെ കാണാതെ നെഞ്ചം’, ‘പ്രായം നമ്മില്‍ മോഹം നല്‍കി’, ‘നിന്‍ മണിയറയിലെ’, ‘മറന്നിട്ടുമെന്തിനോ’, ‘ഹര്‍ഷബാഷ്പം തൂകി’, ‘കാട്ടുകുറിഞ്ഞി പൂവും ചൂടി’, ‘ഉപാസന’, ‘കരിമുകില്‍ കാട്ടിലെ’ തുടങ്ങിയ ഗാനങ്ങള്‍ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്.

1985-ല്‍ ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിലെ ഗാനത്തിന് ദേശീയ പുരസ്‌കാരം നേടിയ ജയചന്ദ്രന്‍, അഞ്ചുതവണ കേരള സംസ്ഥാന അവാര്‍ഡുകളും നാല് തവണ തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും നേടി. 2021-ല്‍ മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയല്‍ അവാര്‍ഡ് ലഭിച്ചു.സംഗീതത്തിന് പുറമെ, ‘നഖക്ഷതങ്ങള്‍’, ‘ശ്രീകൃഷ്ണപ്പരുന്ത്’, ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ ഓരോ ഗാനവും മധുരമായി ഹൃദയത്തിന്‍റെ അടുക്കൽ എത്തുകയാണ്. പാട്ടുകളുടെ  യാത്രകൾ അവസാനിപ്പിച്ച് മറ്റൊരു ലോകത്തേക്ക് വിട പറഞ്ഞാലും അദ്ദേഹം നല്‍കിയ സംഗീതവും സൃഷ്ടിച്ച ഭാവങ്ങളുടെ അതിർവരമ്പുകളും എന്നും ഈ ലോകത്ത് തന്നെ നിലനില്‍ക്കും.