ഇനിയും ഒരു അനു ഉണ്ടാകാതിരിക്കാൻ!!

B.S. Shiju
Thursday, February 11, 2021

മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സമര പരമ്പരകള്‍ക്കാണ് തലസ്ഥാന നഗരം സാക്ഷിയാകുന്നത്.

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിയമനം കിട്ടാത്ത ചില യുവാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു പ്രതിഷേധിച്ചു, മറ്റു ചിലര്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണിയും മുഴക്കി. ഇതെല്ലാം ടിവിയില്‍ കണ്ട് കൊണ്ട് ഒരു അമ്മ ഇരിപ്പുണ്ടായിരുന്നു. 5 മാസം മുന്‍പ് തിരുവോണത്തലേന്ന് മകന്‍ നഷ്ടമായ ഒരമ്മ. തിരുവന്തപുരം കാരക്കോണം സ്വദേശി അനു എന്ന് 28 കാരന്‍റെ അമ്മ. ആ അമ്മയുടെ കണ്ണുനിറഞ്ഞു. . ”എല്ലാറ്റിനും കാരണം ജോലിയില്ലായ്മ” എന്നെഴുതി വെച്ചായിരുന്നു അവന്‍ പോയത്… അന്നും വിരല്‍ ചൂണ്ടിയത് സര്‍ക്കാരിന്‍റെ നേര്‍ക്കായിരുന്നു. അന്ന് അനുവിന്‍റെ സഹോദരനു സര്‍ക്കാര്‍ ജോലിയും കുടുംബത്തിനു സഹായവുമൊക്കെ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നിറവേറ്റപ്പെട്ടില്ല. ഇന്നും പിതാവ് സുകുമാരന്‍ നായര്‍ ചായക്കടയില്‍ ജോലി ചെയ്താണു കുടുംബം പോറ്റുന്നത്. സര്‍ക്കാരിന്‍റെ വാക്കും പഴയ ചാക്കും ഒന്ന് പോലെ എന്ന് പറയാതിരിക്കാന്‍ വയ്യ..

ഭരണത്തില്‍നിന്ന് ഇറങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ജോലി കൊടുത്തും സ്ഥിരപ്പെടുത്തിയും സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഓമനപ്പേരാണ് മനുഷ്യത്വം അഥവാ ജീവകാരുണ്യം. മുന്‍പെങ്ങും ഇല്ലാത്തവിധം വ്യാപകമായി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് കേരളത്തിലെ യുവാക്കളെ ചതിക്കുകയാണ് ഇടതു സര്‍ക്കാര്‍.  ജീവകാരുണ്യം എന്നു വിശേഷിപ്പിച്ച് നിയമനം നല്‍കുന്നവരില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടപ്പെട്ടവരാണ് എന്നറിയുമ്പോഴാണ് ഇതിലെ ചതിയുടെ വ്യാപ്തി മനസ്സിലാകുന്നത്.

ആവശ്യത്തിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് അനുവടക്കം ഒട്ടേറെപ്പേരുടെ നിയമനം തടസ്സപ്പെടാന്‍ കാരണം. അനു ഉള്‍പ്പെട്ട സിവില്‍ എക്സൈസ് ഓഫിസര്‍ ലിസ്റ്റിലെ 72-ാമനെ നിയമിച്ചതോടെ പട്ടികയുടെ കാലാവധി കഴിഞ്ഞു. 5 പേര്‍ക്കുകൂടി അവസരം ലഭിച്ചിരുന്നെങ്കില്‍ അനു ഇന്ന് അമ്മയോടൊപ്പം ഉണ്ടാകുമായിരുന്നു. 4 റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ട, നാട്ടിലെ ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ പ്രചോദനം ആകുമായിരുന്ന ബിരുദാനന്തര ബിരുദധാരിയായ യുവാവ് 28-ാം വയസ്സില്‍ ജോലി കിട്ടാതെ ജീവനൊടുക്കേണ്ടി വന്ന കേരളത്തിലാണ് ഖജനാവില്‍നിന്നു പണമെടുത്തു ശമ്പളം നല്‍കുന്ന തസ്തികകളിലേക്ക് ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത്.
പട്ടിക വരട്ടെ, ഞങ്ങളെല്ലാം ശരിയാക്കാം എന്ന സന്ദേശമാണ് എല്ലാ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോയിരിക്കുന്നത്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടു പഠിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ പുറത്തുനില്‍ക്കുമ്പോള്‍ സര്‍ക്കാരിന്‍റെ സമാന്തര റിക്രൂട്ടിങ് സെറ്റപ്പി’ലൂടെ നുഴഞ്ഞു കയറുന്നത് ആയിരങ്ങളാണ്. അവര്‍ക്കു പരീക്ഷയില്ല, അഭിമുഖമില്ല. വേണ്ടത് ഒന്നുമാത്രം – പിടിപാട്, ആള്‍ സ്വാധീനം.

ഇനിയും ഒരു അമ്മയ്ക്ക് മറ്റൊരു അനു നഷ്ടമാകാതിരിക്കാന്‍….

സര്‍ക്കാര്‍ കണ്ണ് തുറന്നെ മതിയാകൂ…

മനുഷ്യത്വം കാണിച്ചേ തീരൂ…