തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു, വ്യാപക നാശനഷ്ടം

Jaihind Webdesk
Wednesday, July 5, 2023

തൃശൂര്‍, ചാലക്കുടി, ആളൂര്‍ കല്ലേറ്റുംകര, പുല്ലൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലി. അപ്രതീക്ഷിത ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് രാവിലെ പത്തരയോടെയാണ് പ്രദേശങ്ങളില്‍ കനത്ത കാറ്റ് വീശിയത്.

ചാലക്കുടി പോട്ട മേഖലയില്‍ നിരവധി സ്ഥലങ്ങളിൽ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. പഴയ ദേശീയപാതയിൽ ഉൾപ്പെടെ മരം വീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വ്യാപക കൃഷി നാശവും ഉണ്ടായി. കവുങ്ങ്, ജാതി, വാഴ ഉള്‍പ്പടെയുള്ള കൃഷികള്‍ക്ക് നാശം സംഭവിച്ചു.

ആളൂര്‍ മേഖലയിലും പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ക്ഷേത്ര പരിസരത്തും പുല്ലൂര്‍ ഊരകം പ്രദേശത്തും വ്യാപകമായി ചുഴലി നാശം വിതച്ചു. വാഴകൃഷിയടക്കം നിരവധി കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലും മേഖലയില്‍ ഇത്തരത്തില്‍ മിന്നല്‍ ചുഴലി പ്രതിഭാസം ഉണ്ടായിട്ടുണ്ട്.