തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി ദുബായ് റെഡ്ക്രസന്‍റുമായി കരാർ ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. 20 കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്നതിന് തെളിവുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിന് സാക്ഷിയായത് സ്വർണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ കോണ്‍സുലേറ്റ് അറ്റാഷേയാണ്. മുഖ്യമന്ത്രിയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം സർക്കാരുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നും സർക്കാരുമായി ഒരു ധാരണാപത്രവുമില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്. ഈ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന തെളിവുകള്‍. 2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെഡ്ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അതീഫ് അല്‍ ഫലാഹിയും സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഈ വിവരങ്ങള്‍ 2019 ജൂലൈ 11ലെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.