തിരുവനന്തപുരം: സംസ്ഥാനത്തെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയുടെ താളംതെറ്റിക്കുന്നു. സര്‍ക്കാര്‍ വിഹിതവും വായ്പാ തുകയും ലഭിക്കാത്തതും തനത് ഫണ്ടിന്റെ ലഭ്യതക്കുറവും പദ്ധതിയെ പിടിച്ചുലയ്ക്കുകയാണ്. ഇതോടെ സ്വന്താമായൊരു വീടെന്ന സ്വപ്നവുമായി ഇറങ്ങിയ നൂറുകണക്കിന് പേർ വഴിയാധാരമായ അവസ്ഥയിലാണ്. സംസ്ഥാനത്ത് ക്ഷേമ പെന്ഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുടങ്ങുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാന്‍ തയാറാകാത്ത സർക്കാർ നിലപാടിനെതിരെ അതിശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി വഴി സമാഹരിക്കുന്ന തുക കൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെയാണ് ലൈഫിന്റെ താളം തെറ്റിത്തുടങ്ങിയത്. ഇതോടെ പ്രതിസന്ധിയിൽ ആടി ഉലയുകയാണ് ലൈഫ് മിഷൻ പദ്ധതി. സര്‍ക്കാര്‍ വിഹിതമായി ഒരു ലക്ഷം രൂപയും റൂറല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് വഴിയുള്ള വായ്പയായ 2,20,000, തദ്ദേശ സ്ഥാപനങ്ങളുടെ എണ്‍പതിനായിരം എന്നിങ്ങനെ നാലു ലക്ഷം രൂപ ഘട്ടങ്ങളായാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ജനറല്‍ വിഭാഗത്തിനു 4 ലക്ഷവും എസ്.സി., എസ്.ടി. വിഭാഗത്തിനു ആറു ലക്ഷവുമാണ് ഇത്തരത്തിൽ നല്‍കുന്നത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ തനതു ഫണ്ടിന്റെ കുറവ് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തുക നല്കല് പലയിടത്തും നേരത്തെ തന്നെ അവതാളത്തിലായിരുന്നു. ഇതിനു പിന്നാലെ സർക്കാരിന്റെ പൊതു കടമെടുപ്പ് പരിധിയില്‍ ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം നൽകൽ സർക്കാർ നിർത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. സർക്കാർ കണക്ക് പ്രകാരം 3,958 കോടിയാണ് ലൈഫ് പദ്ധതിക്കായി ഹഡ്കോ വായ്പ എടുത്തിട്ടുള്ളത്. നിർമ്മാണ സാമഗ്രികകള്ക്ക് വില വളരെ കൂടിയതിനാല്‍ ലഭിക്കുന്ന തുകയ്ക്കു പണി പൂർത്തിയാക്കുവാൻ തന്നെ ബുദ്ധിമുട്ടുമ്പോഴാണ് പദ്ധതി വിഹിതം കൂടി ഇവർക്ക് മുടങ്ങുന്നത്. ഇതോടെ സ്വന്താമായൊരു വീടെന്ന സ്വപ്നവുമായി ഇറങ്ങിയ നൂറു കണക്കിന് പേർ വഴിയാധാരമായിരിക്കുകയാണ്. സർക്കാർ ഉറപ്പിൽ സ്വന്തമായി ഒരു കൂര സ്വപ്നം കണ്ട ആയിരങ്ങളാണ് പണി പൂർത്തിയാക്കാനാകാതെ പെരുവഴിയിൽ ആയിരിക്കുന്നത്.