തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം മുറുകുന്നു. സർക്കാർ ഏജൻസിയായ കോസ്റ്റ് ഫോർഡിന്റെ എസ്റ്റിമേറ്റ് തള്ളി യൂണിടാകിന് കരാർ നൽകിയതിനെ മന്ത്രി എ.സി മൊയ്തീൻ ന്യായീകരിച്ചു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഒരു അന്വേഷണവും നടത്തില്ലെന്നും മന്ത്രി തൃശൂരിൽ പ്രതികരിച്ചു.
വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിന് 20 കോടിയോളം രൂപയുടെ എസ്റ്റിമേറ്റാണ് കോസ്റ്റ് ഫോർഡ് തയ്യാറാക്കിയത്. എന്നാൽ പിന്നീട് കരാറിൽ അട്ടിമറി നടന്നു. കോസ്റ്റ് ഫോർഡ് പുറത്തായി. റെഡ് ക്രസന്റ് രംഗത്തെത്തി. ലൈഫ് മിഷൻ പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി വടക്കാഞ്ചേരി നഗരസഭയുടെ അനുമതി നേടുകയും ചെയ്തു. ഈ പെർമിറ്റും പ്ലാനുമാണ് സ്വകാര്യ ഏജൻസിയായ യൂണിടാകിന് കൈമാറിയത്. ലൈഫ് മിഷൻ അംഗീകരിച്ച ഏജൻസികളുടെ പട്ടികയിൽ യൂണിടാക് ഇല്ല. റെഡ് ക്രസന്റിന്റെ മുതൽ മുടക്കും യൂണിടാക്കിന്റെ നിർമാണവും സംബന്ധിച്ച ഒരു രേഖയും ഭൂമിയുടെ കൈവശക്കാരായ വടക്കാഞ്ചേരി നഗരസഭയിൽ ഇല്ല എന്നതും അട്ടിമറിയുടെ തെളിവാണ്. എന്നാൽ ഇതിലൊന്നും ഒരു അസ്വഭാവികതയും ഇല്ലെന്നാണ് മന്ത്രി എ.സി മൊയ്തീന്റെ അവകാശ വാദം.
ഫ്ലാറ്റ് നിർമാണത്തിൽ ഒരു കോടി രൂപ കമീഷൻ ലഭിച്ചുവെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്നെ സമ്മതിച്ചതാണ്. എന്നാൽ പല വഴിക്കും കോടികൾ ഒഴുകിയിട്ടുണ്ട് എന്ന സംശയം ഓരോ ദിവസവും ശക്തമാവുന്നു. രാജ്യാന്തര തലത്തിൽ നടന്ന ഇടപാടുകളിൽ അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം അനിവാര്യമാവുകയാണ്.