ലൈഫ് മിഷൻ : ഇ.ഡിയോട് നിയമസഭാ സമിതി വീണ്ടും വിശദീകരണം തേടും

Jaihind News Bureau
Wednesday, November 18, 2020

 

തിരുവനന്തപുരം: ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട്  നിയമസഭയ്ക്ക് നൽകിയ മറുപടി ചോർന്നതിൽ   ഇ.ഡിയോട് നിയമസഭാ സമിതി വീണ്ടും വിശദീകരണം തേടാൻ ഇന്ന് ചേർന്ന എത്തിക്‌സ് കമ്മിറ്റി യോഗം തീരുമാനിച്ചു. എന്നാൽ മറുപടിയുടെ യോഗ്യത പരിശോധിക്കാതെ മറ്റ് തലങ്ങളിലേക്ക് അന്വേഷണം മാറ്റിക്കൊണ്ടു പോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ നിലപാട്.

സമിതിക്ക് നൽകിയ മറുപടി മാധ്യമങ്ങളിലൂടെ ചേർന്നതിനാൽ തന്നെ വിഷയത്തിൽ ഇഡിയിൽ നിന്നും വീണ്ടും വിശദീകരണം തേടാനാണ് കമ്മിറ്റിയുടെ തീരുമാനം.  എന്നാൽ ഇ.ഡി നൽകിയ മറുപടിയുടെ യോഗ്യത പരിശോധിക്കാൻ തയ്യാറാകാതെ അന്വേഷണം വഴിതിരിച്ചു വിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് യോഗത്തിനു ശേഷം കമ്മിറ്റിയംഗം അനൂപ് ജേക്കബ്ബ് വ്യക്തമാക്കി. സർക്കാർ സഭാ സമിതികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നടപടി അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്കെതിരായ റിപ്പോർട്ട് സഭയിൽ സമർപ്പിക്കും മുമ്പ് മാധ്യമങ്ങളിൽ ചർച്ചയാക്കിയ ധനമന്ത്രി ഐസക്കിനെതിരായ നോട്ടീസ് കമ്മറ്റി പരിഗണിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. മറുപടി ചോർന്നത് സഭയോടുള്ള അവഹേളനമാണെന്ന ഭരണപക്ഷത്തിന്‍റെ വാദം അംഗീകരിക്കുമ്പോഴും ലൈഫിലെ അഴിമതി മൂടിവെയ്ക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ വാദമാണ് ബലപ്പെടുന്നത്.