യൂണിടാക്കുമായി ലൈഫ് മിഷൻ ഇടപെട്ടു; ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഭൂമി നൽകിയതല്ലാതെ മറ്റ് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. കരാർ കമ്പനി യൂണിടാക്കുമായി ലൈഫ് മിഷൻ ഇടപെട്ടെന്ന് വ്യക്തമായി.  ലൈഫ് മിഷൻ സിഇഒ റെഡ് ക്രസന്‍റിനയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.  യൂണിടാക്ക് നൽകിയ പദ്ധതിയുടെ രൂപരേഖ ലൈഫ് മിഷൻ സി.ഇ.ഒ തന്നെയാണ് പരിശോധിച്ച് അംഗീകരിച്ചതെന്നും കത്തിലൂടെ വ്യക്തമായി.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക്കുമായുള്ള എല്ലാ ഇടപാടുകളും റെഡ് ക്രെസന്‍റ് ആണ് ചെയ്തതെന്നും സർക്കാരിന് ഇക്കാര്യത്തിൽ ബന്ധമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ 2019 ഓഗസ്റ്റ് 26ന് ലൈഫ് മിഷൻ സിഇഒ യു.വി ജോസ് റെഡ് ക്രെസന്‍റ് ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയുകയാണ്. പദ്ധതിയുടെ രൂപരേഖ യൂണിടാക്ക് ലൈഫ് മിഷന് അയച്ചിരുന്നു. ഇത് പരിശോധിച്ച് അംഗീകാരം നൽകി എന്ന് വ്യക്തമാക്കുന്നതാണ് ലൈഫ് മിഷൻ സി.ഇ.ഒയുടെ കത്ത്. കത്തിന്‍റെ പകർപ്പ് യൂണിടാക് എനർജി സൊല്യൂഷൻസിന്‍റെ അഡ്മിൻ മാനേജർക്കും അയക്കാൻ രേഖപ്പെടുത്തിയിട്ടുണ്ട്.

റെഡ് ക്രെസന്‍റിന് നിർമ്മാണവുമായി മുന്നോട്ട് പോകാമെന്നും കത്തിൽ പറയുന്നുണ്ട്. 2019 ഓഗസ്റ്റ് 17, 22 തീയതികളിലാണ് പദ്ധതി രൂപരേഖ യൂണിടാക് ലൈഫ് മിഷന് അയച്ചുകൊടുത്തെതെന്ന പരാമർശവും കത്തിലുണ്ട്. നിർമാണത്തിന് ആവശ്യമായ അനുമതികൾ ലൈഫ് മിഷൻ എടുത്തു നൽകുമെന്നും ഒരു വർഷത്തേക്കാണ് നിർമാണ കാലാവധി പറഞ്ഞിരിക്കുന്നതെന്നും യൂണിടാക് എനർജി സൊല്യൂഷൻസ് എന്ന കമ്പനിക്കാണ് കരാർ നൽകിയതെന്നും കത്തിലുടെ വ്യക്തമാകുന്നു.

ധാരണാപത്രം ഒപ്പിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നിർമാണത്തിന് ലൈഫ്മിഷൻ അനുമതി നൽകുകയായിരുന്നു. അതേ സമയം കേരളത്തിലെ ഭവന രഹിതർക്കായി യുഎഇയിലെ റെഡ് ക്രസന്‍റുമായുള്ള കരാറിലെ രണ്ടാം കക്ഷി സംസ്ഥാന സർക്കാരാണെന്ന് ധാരണാപത്രത്തിലൂടെ നേരത്തേ വ്യക്തമായിരുന്നു.

https://youtu.be/8oCVikR0mv8

Comments (0)
Add Comment