ലൈഫ് മിഷൻ: നിർമ്മാണകരാറിനായി 4.25 കോടി രൂപ കമ്മീഷൻ നൽകിയെന്ന് യൂണിടാക്

Jaihind News Bureau
Thursday, August 20, 2020

 

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണകരാറിനായി 4.25 കോടി രൂപ ഇടനിലക്കാർക്ക് കമ്മീഷൻ നൽകിയെന്ന് കരാർ ഏറ്റെടുത്ത കമ്പനിയായ യൂണിടാക്. എൻ.ഐ.എ – ഇ.ഡി അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിലാണ് യൂണിടാക് മൊഴി നൽകിയത്. ലൈഫ് പദ്ധതിയുടെ കരാർ ഒപ്പിടുന്നതിന് മുമ്പ് സ്വപ്നയും എം. ശിവശങ്കറും ചേർന്ന് നടത്തിയ യാത്രകളിലാണ് സ്വർണ്ണക്കടത്തിന് ധാരണയുണ്ടാക്കിയതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി.

യൂണിടാക് പ്രതിനിധികളുടെ മൊഴിയോടെ 1 കോടി കമ്മീഷൻ തുകയായി ലഭിച്ചെന്ന സ്വപ്നയുടെ മൊഴി കള്ളമാണെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. എന്‍ഐഎയും ഇ.ഡിയും നടത്തിയ ചോദ്യം ചെയ്യലിലാണ് 20 കോടി രൂപയുടെ ലൈഫ് മിഷൻ കരാറിൽ നാലേകാൽ കോടി രൂപ കമ്മീഷൻ നൽകേണ്ടി വന്നതായുള്ള വെളിപ്പെടുത്തലുണ്ടായത്. ഇതേ കമ്മീഷൻ ഇടപാടിൽ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായർക്ക് 75 ലക്ഷം രൂപ ലഭിച്ചതായി അന്വേഷണ ഏജൻസികൾ കോടതിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ഒരു മണിഎക്സ്ചേഞ്ച് സ്ഥാപനം മുഖേന യൂണിടാക്കിന്‍റെ അക്കൗണ്ടിൽ നിന്നും ഇന്ത്യൻ കറൻസിയായി പിൻവലിച്ച പണം പിന്നീട് വിദേശ കറൻസിയാക്കി വിമാനമാർഗം കടത്തിയെന്ന കാര്യം കസ്റ്റംസിന്‍റെ  അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നേരത്തെ  സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്നും യു.എസ് ഡോളറും ഒമാൻ റിയാലും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ലൈഫ് മിഷനിലൂടെയും  അല്ലാതെയും ലഭിച്ച കോടികൾ വിദേശ കറൻസികളാക്കി രാജ്യത്തിന് പുറത്ത് കടത്തിയെന്ന ഇ.ഡിയുടെ കണ്ടെത്തൽ ശരിവക്കുന്നതാണ് ഇത്. വിദേശ കറൻസിയാക്കുന്നതിനും  നയതന്ത്ര പ്രതിനിധികൾക്കൊപ്പം കോടികളുടെ വിദേശ കറൻസികൾ ദുബായിലേക്ക് കടത്തുന്നതിനും എം. ശിവശങ്കർ കൂട്ടുനിന്നതായാണ് 3 ഏജൻസികളുടേയും കണ്ടെത്തൽ.

ലൈഫ് പദ്ധതിയുടെ കരാർ ഒപ്പിടുന്നതിന് തൊട്ടുമുന്‍പ് സ്വപ്നയും ശിവശങ്കറും ചേർന്ന് നടത്തിയ യാത്രകളിലാണ് സ്വർണ്ണക്കടത്തിന് ധാരണയുണ്ടാക്കിയത്. പണം നൽകാതെ ദുബായിൽ നിന്നുൾപ്പടെ സ്വർണ്ണം  കൊണ്ടുവരാൻ സാധിക്കില്ലെന്നിരിക്കെയാണ് ലൈഫ് മിഷൻ കമ്മീഷനെ കരുവാക്കിയതും കമ്മീഷൻ തുക നിക്ഷേപമാക്കി മാറ്റിയതുമെന്നും അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.