ലൈഫ് മിഷൻ: കേരളം കരാർ ഒപ്പിട്ടത് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ

Jaihind News Bureau
Thursday, August 27, 2020

 

ന്യൂഡല്‍ഹി: ലൈഫ് മിഷൻ പദ്ധതിയിൽ കേരളം കരാർ ഒപ്പിട്ടത് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ. പാർലമെന്‍റ് സ്റ്റാന്‍റിങ് കമ്മറ്റിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും സമിതിയെ അറയിച്ചു.

പാർലമെന്‍റ് സമിതിയിൽ എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള എം പിമാരാണ് കേരളത്തിലെ വിഷയങ്ങൾ ഉന്നയിച്ചത്. തുടർന്നാണ് ലൈഫ് മിഷൻ പദ്ധതിയിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന് വിദേശകാര്യ മന്ത്രാലയം സമിതിയെ അറിയിച്ചത്. റെഡ് ക്രസന്‍റുമായി  ധാരണാപത്രം ഒപ്പിടാൻ സംസ്ഥാന സർക്കാർ മുൻകൂർ അനുമതി തേടണമായിരുന്നു. എന്നാൽ ഇത്തരത്തിൽ അനുമതി തേടുന്ന സാഹചര്യം ഉണ്ടായില്ല എന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളുമായും സന്നദ്ധ സംഘടനകളുമായും ഇത്തരത്തിൽ കരാറിൽ ഏർപ്പെടണമെങ്കില്‍ മുൻകൂർ അനുമതി വേണ്ടതാണ്.

റെഡ് ക്രസന്‍റിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. സ്വർണ്ണക്കടത്ത് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമിതിയെ അറിയിച്ചു. കസ്റ്റംസും അന്വേഷണ പുരോഗതി പാർലമെന്‍റ് സമിതിക്ക് മുന്നിൽ വ്യക്തമാക്കി. മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥം എത്തിച്ചതിനെ കൾച്ചറൽ ഡിപ്ലോമസി എന്ന നിലയിൽ കാണാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. തത്വത്തിൽ യുഎഇ കോൺസുലേറ്റുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടുകളിൽ എല്ലാം വലിയ ചട്ടലംഘനം നടന്നു എന്ന് തന്നെയാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.