ലൈഫ് മിഷന്‍ ക്രമക്കേട് : വിജിലന്‍സ് സംഘം യു.വി ജോസിന്‍റെ മൊഴി എടുത്തു

Jaihind News Bureau
Thursday, October 8, 2020

 

തിരുവനന്തപുരം : ലൈഫ് മിഷൻ ക്രമക്കേടിൽ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി വിജിലൻസ് അന്വേഷണ സംഘം. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ നിന്നുള്ള എസ്.പി കെ.വി ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. പദ്ധതിയിലെ കോഴ വിവാദം സംബന്ധിച്ചും അന്വേഷണ സംഘം ചില കാര്യങ്ങൾ ഉന്നയിച്ചതായാണ് വിവരം.

ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് ഹാബിറ്റാറ്റിനെ എന്തിന് ഒഴിവാക്കിയെന്നും എങ്ങനെയാണ് യൂണിടാക്കിനെ ഫ്ലാറ്റ് നിർമ്മാണത്തിന് തെരെഞ്ഞെടുത്തത് എന്നുമുള്ള കാര്യത്തിലും യു.വി ജോസിന്‍റെ മൊഴി നിർണ്ണായകമാവും. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസിന് ലഭിച്ച ചില ഫയലുകളിലെ സംശയങ്ങളും മൊഴി രേഖപ്പെടുത്തലിന്‍റെ ഭാഗമായി ഉന്നയിക്കപ്പെട്ടു.

രാവിലെ വിജിലൻസ് സംഘം ലൈഫ് മിഷന്‍റെ ഓഫീസിലെത്തിയെങ്കിലും യു.വി ജോസ് അവിടെ ഉണ്ടായിരുന്നില്ല. തുടർന്നാണ് വിജിലൻസ് സംഘം സെക്രട്ടേറിയറ്റിലെ തദ്ദേശഭരണ ഓഫീസിൽ എത്തി മൊഴി രേഖപ്പെടുത്തിയത്. പദ്ധതിയിലെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇ.ഡിയും ജോസിന്‍റെ മൊഴി എടുത്തിരുന്നു.

ഇന്നലെ ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കറിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ
കരാർ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള മൊഴി എടുക്കലിന് ശേഷം പദ്ധതി പ്രദേശത്ത് നേരിട്ടെത്തിയും അന്വേഷണ സംഘം പരിശോധന നടത്തിയേക്കും.

https://youtu.be/Pcwu79JeYtU