ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ്; സൂത്രധാരന്‍ മുഖ്യമന്ത്രി; വിദേശ സഹായത്തിനുള്ള ധാരണ പത്രം ഒപ്പുവെച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; രേഖ പുറത്ത് വിട്ട് അനില്‍ അക്കര

Jaihind Webdesk
Friday, March 3, 2023


തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് അനിൽ അക്കര . ഇക്കാര്യം വ്യക്തമാക്കുന്ന ലൈഫ് മിഷൻ സി ഇ ഒ തയ്യാറാക്കിയ
കോൺഫിഡൻഷ്യൽ റിപ്പോർട്ട് അനിൽ അക്കര പുറത്ത് വിട്ടു. കോഴയായി ലഭിച്ച നാലര കോടി രൂപ മുഖ്യമന്ത്രിക്ക് വേണ്ടി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നും അനിൽ അക്കര ആരോപിച്ചു.

2020 ഓഗസ്റ്റ് 18 ന് ലൈഫ് മിഷൻ സി.ഇ.ഒ തദ്ദേശ വകുപ്പ് മന്ത്രിക്ക് നൽകിയ കോൺഫിഡൻഷ്യൽ റിപ്പോർട്ടാണ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നത്. 2019 ജൂലൈ 11 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് യു.എ.ഇ യിലെ റെഡ് ക്രസന്‍റ്  സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. പ്രളയ പുനരുദ്ധാരണത്തിന് 20 കോടി രൂപയുടെ സഹായം നൽകാമെന്ന് റെഡ് ക്രസന്‍റ്  അറിയിച്ചു.
ഭവന സമുച്ചയത്തിന് 15 കോടി, ഹെൽത്ത് സെന്‍ററിന് 5 കോടി എന്നിങ്ങനെയായിരുന്നു വാഗ്ദാനം. എന്നാൽ ഈ തുക മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷനിലേക്കാണ് വക മാറിയത്. വടക്കാഞ്ചേരി നഗരസഭയുടെ 2.18 ഏക്കർ സ്ഥലത്ത് നിർമാണം നടത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തു.
ഭവന സമുച്ചയം റെഡ് ക്രസന്‍റ്  നേരിട്ട് നിർമിച്ച് നൽകുമെന്ന് ജനറൽ സെക്രട്ടറി യോഗത്തിൽ സ്ഥിരീകരിച്ചു

2019 ഓഗസ്റ്റ് 26 ന് ലൈഫ് മിഷൻ ഈ തീരുമാനത്തിന് അംഗീകാരം നൽകി. യൂണിടാക്കിനെ കരാർ ഏൽപ്പിച്ചതും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇതോടെ മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയായിരുന്ന എ.സി. മൊയ്തീനും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് വ്യക്തമായെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ ഫ്ളാറ്റുമായി ബന്ധപ്പെട്ട തട്ടിപ്പിന്‍റെ  ഗൂഡാലോചനകൾ മുഴുവൻ നടന്നിട്ടുള്ളത് ക്ലിഫ് ഹൗസിൽ,  മുഖ്യമന്ത്രിയുടെ അറിവോടെയാണ്.
കോഴയായി കൈ പറ്റിയ പണത്തിന്‍റെ  ഒരു ഭാഗമാണ് സ്വപ്നയുടെ ലോക്കറിൽ കണ്ടത്. ബാക്കി നാലര കോടി രൂപ മുഖ്യമന്ത്രിക്ക് വേണ്ടി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് കടത്തി കൊണ്ടു പോയെന്നും അനിൽ അക്കര ആരോപിച്ചു.

കേന്ദ്ര ഏജൻസികൾക്ക് ഇനി തെളിവുകൾ കൈമാറില്ല. സുപ്രീം കോടതിക്ക് നൽകാൻ തയ്യാറാണ് . കേസിൽ സുപ്രീം കോടതിയിൽ പ്രത്യേക പരാതി നൽകും . മുഖ്യമന്ത്രിയുടെ പങ്ക് നിയമ വഴിയിൽ തെളിയിക്കുമെന്നും അനിൽ അക്കര കൂട്ടി ചേർത്തു.