ലൈഫ് മിഷനില്‍ സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു: രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, October 13, 2020

 

തിരുവനന്തപുരം:   വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പ് സംബന്ധിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് സന്തോഷിക്കാനായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐ ഫയല്‍ ചെയ്ത  എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന  സര്‍ക്കാരിന്‍റെ മുഖ്യ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. അത് വഴി സി.ബി.ഐയെ ഓടിക്കാമെന്ന സര്‍ക്കാരിന്‍റെ മോഹം നടക്കാതെ പോയി. കേസ് സി.ബി.ഐയ്ക്ക് തുടര്‍ന്നും അന്വേഷിക്കാം. പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന കാതലായ കാര്യത്തിലും കോടതിക്ക് എതിരഭിപ്രായമില്ല. എന്നാല്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ സാങ്കേതികമായ കാരണങ്ങളാല്‍ രണ്ടു മാസത്തേക്ക് വിലക്കി എന്നേയുള്ളൂ. പാവങ്ങളുടെ പേരില്‍ നടത്തിയ ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.