ലൈഫ് മിഷന്‍ കോഴ: ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു; സി.എം രവീന്ദ്രന്‍ തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകണം

Jaihind Webdesk
Friday, February 24, 2023

 

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കോടതി റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജാരാക്കിയ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹം ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം. ഒമ്പത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എന്‍ഫോഴ്സ്മെന്‍റ് ശിവശങ്കറിനെ കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കര്‍ ഇ.ഡി യുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ലൈഫ് മിഷനില്‍ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകള്‍ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കര്‍ മറുപടി നല്‍കിയതെന്നുമാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കസ്റ്റഡിയിൽ ശിവശങ്കർ സഹകരിക്കാത്തതിനെ തുടർന്ന് ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ, ലൈഫ് മിഷൻ മുൻ സിഇഒ യു.വി ജോസ് എന്നിവരെ ശിവശങ്കറിന് ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഇവർ ശിവശങ്കറിന് എതിരായാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഇ.ഡി കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ലൈഫ് മിഷൻ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ കൂടിയായ സ്വപ്നാ സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരും വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് കരാറേറ്റെടുത്ത യൂണിടാക്ക് കമ്പനി എം.ഡി സന്തോഷ് ഈപ്പനും ശിവശങ്കറിനെതിരെ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്.