ലൈഫ് മിഷന്‍ കോഴ : യുണിടാക് എം.ഡിയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും ; യു.വി ജോസും ഹാജരാകണം

Jaihind News Bureau
Wednesday, September 30, 2020

ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. അതേസമയം ലൈഫ് മിഷന്‍ സി.ഇ.ഒ, യു.വി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കി.

ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മാണത്തിന് യുണിടാക്കുമായുള്ള കരാര്‍ ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മാണം നടത്തുമ്പോള്‍ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു.വി ജോസില്‍ നിന്ന് വ്യക്തത തേടാനാണ് ഇദ്ദേഹത്തെ അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ ഇന്നലെ നോട്ടീസ് നല്‍കി. ഒക്ടോബര്‍ 5 ന് രാവിലെ 11 ന് കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ നേരിട്ടോ ഉദ്യോഗസ്ഥര്‍ മുഖേനയോ 6 രേഖകള്‍ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകളെല്ലാം ശേഖരിച്ച ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കാനാണ് സി.ബി.ഐ നീക്കം.

വടക്കാഞ്ചേരി ഭവന പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവരെ സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്തു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റിന് ലഭിച്ച നിര്‍മാണക്കരാര്‍ എങ്ങിനെയാണ് യുണിടാക്കിന് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്താനാണ് ഇവരെ ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും കഴിഞ്ഞില്ല എന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.