ലൈഫ് മിഷൻ: അനിൽ അക്കരയുടെ പരാതി ബാങ്കിംഗ് ഓംബുഡ്സ്മാൻ ഫയലിൽ സ്വീകരിച്ചു

Jaihind News Bureau
Thursday, September 10, 2020

 

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറിലെ നിയമ വിരുദ്ധ ഇടപാടുകളെ കുറിച്ച് അനിൽ അക്കര എം എൽ എ നൽകിയ പരാതി ബാങ്കിംഗ് ഓംബുഡ്സ്മാൻ ഫയലിൽ സ്വീകരിച്ചു. റിസർവ് ബാങ്കിന്‍റെ അനുമതിയില്ലാതെ വിദേശ പണം കൈപ്പറ്റിയത് സംബന്ധിച്ചാണ് പരാതി.

വിദേശ സംഘടനകളിൽ നിന്ന് ധനസഹായം സ്വീകരിക്കുന്നതിന് മുൻപ് പാലിക്കേണ്ട നിയമപരമായ എല്ലാ നടപടികളും മറികടന്നുള്ള ഇടപാടാണ് വടക്കാഞ്ചേരിയിലുണ്ടായത്. യുഎഇ റെഡ്ക്രസന്‍റ് പണം മുടക്കാൻ തയ്യാറായി വന്നപ്പോൾ ആദ്യം കേന്ദ്ര സർക്കാരിന്‍റെ  അനുമതി വാങ്ങണമായിരുന്നു. നിയമ വകുപ്പും ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് വകവെയ്ക്കാതെ ധാരണാപത്രം ഒപ്പിടുകയായിരുന്നു. 2019 ജൂലൈ 11നാണ് യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും റെഡ് ക്രസന്‍റ് അതോറിറ്റി പ്രതിനിധികളും സംസ്ഥാന സർക്കാരുമായി ധാരണാ പത്രം ഒപ്പിടുന്നത്. അതിനു ശേഷം ജൂലൈ 31 ന് യൂണിടാക് ബിൽഡേഴ്സ് മാനേജിംഗ് പാർട്ട്ണർ സന്തോഷ് ഈപ്പനും യുഎഇ കോൺസൽ ജനറലുമായി ഫ്ലാറ്റ് നിർമാണ കരാറിലും ഒപ്പിട്ടു.

പ്രളയത്തിൽപ്പെട്ടവർക്ക് വീടുണ്ടാക്കാൻ 70 ലക്ഷം ദിർഹവും ആശുപത്രി നിർമാണത്തിന് 30 ലക്ഷം ദിർഹവും അനുവദിക്കുന്നതായാണ് ധാരണാപത്രത്തിൽ പറയുന്നത്. ആശുപത്രി നിർമാണ കരാർ ലഭിച്ചതാകട്ടെ യൂണിടാക്കിന്‍റെ തന്നെ സഹോദര സ്ഥാപനമായ സെയിൻ വെഞ്ച്വേഴ്സിനും. ഈ രണ്ട് ഇന്ത്യൻ കമ്പനികൾക്കും വിദേശ സംഘടനയുമായി കരാറിൽ ഏർപ്പെടാനും ധനസഹായം സ്വീകരിക്കാനും റിസർവ് ബാങ്കിന്‍റെ അനുമതി വേണം. ഇവിടെ ഫെറ നിയമത്തിന് വിരുദ്ധമായ ഇടപാടാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ അക്കര ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകിയത്. പരാതി സ്വീകരിച്ച ഓംബുഡ്സ്മാൻ വിശദമായ വാദം കേൾക്കാനും തീരുമാനിച്ചിട്ടുണ്ട്.

https://youtu.be/x5h3R-xntVQ