ലൈഫില്‍ സിപിഎം വാദത്തിന്‍റെ മുനയൊടിച്ച് അനിൽ അക്കര എംഎൽഎ; ക്രമക്കേടുകൾ നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

 

തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്ന സിപിഎം വാദത്തിന്‍റെ മുനയൊടിച്ച് അനിൽ അക്കര എംഎൽഎ. 2019 ഡിസംബർ നാലിനുള്ള ഫേസ്ബുക് കുറിപ്പിലൂടെ ക്രമക്കേടുകൾ എംഎൽഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയിൽ 2019 ഡിസംബർ നാലിന് അനിൽ അക്കര ഇങ്ങനെ കുറിയ്ക്കുന്നു. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമ്മാണത്തിന് എല്ലാ പിന്തുണയും നൽകുന്നു. എന്നാൽ മുഖ്യമന്ത്രി ഈ നിർമാണം നേരിൽ കണ്ട് വിലയിരുത്തുന്നത് ഭാവിയിൽ ഗുണകരമാകും. ഇവിടെ അതിന്‍റെ പോരായ്മകളും ക്രമക്കേടുകളും എണ്ണി പറയാൻ കഴിയും. ബന്ധപ്പെട്ടവർ പരിഹാരം കാണുന്നതിനാണ് ഈ കുറിപ്പെന്നും അനിൽ അക്കര അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥക്കനുസരിച്ച് നീങ്ങിയ മുഖ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളും ഈ പരാതി ഗൗരവമായി കണ്ടില്ല. ഇതിന്‍റെ ഫലമായാണ് സോയിൽ ടെസ്റ്റ് പോലും നടത്താതെ നിർമാണം തുടങ്ങിയത്. പൈലിംഗ് നടത്തിയുള്ള നിർമാണ രീതി അവലംബിക്കേണ്ട സ്ഥലത്ത് അതിലേക്കൊന്നും കരാറുകാർ നീങ്ങിയില്ല. കെട്ടിട സമുച്ചയങ്ങളുടെ സുരക്ഷയെ കുറിച്ച് ഇപ്പോഴും യാതൊരു ഉറപ്പും ബന്ധപ്പെട്ടവർക്കില്ല എന്നതാണ് വാസ്തവം.

കോടികൾ കമ്മീഷൻ മറിഞ്ഞ ഇടപാടിൽ തീർച്ചയായും നിർമാണ ഏജൻസി അവരുടെ ലാഭവും കണക്കാക്കുമ്പോൾ ഗുണനിലവാരം സംബന്ധിച്ചും വിട്ടുവീഴ്ചകളുണ്ടാകും. ഈ ആശങ്കയാണ് യുഡിഎഫ് പ്രതിനിധി സംഘവും പ്രതിപക്ഷ നേതാവും ചൂണ്ടി കാട്ടിയത്. എന്നാൽ അനിൽ അക്കര എം എൽ എ യെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന തന്ത്രമാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കാൻ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോൺ വടക്കാഞ്ചേരിയിൽ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്.

എംഎൽഎ നിരന്തരം ഓരോ തെളിവുകളുമായി രംഗത്തെത്തുന്നത് മന്ത്രി എ.സി മൊയ്തീനെയും അസ്വസ്ഥനാക്കുന്നു. കമ്മീഷൻ മറിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ചാനൽ ചർച്ചയിൽ സമ്മതിച്ചത് എ.സി. മൊയ്തീനെ വെട്ടിലാക്കിയിരുന്നു. ആരോപണ കുരുക്ക് മുറുകുമ്പോൾ വ്യക്തിപരമായ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും എന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.

Comments (0)
Add Comment