കടവൂർ ജയന്‍ കൊലക്കേസിൽ 9 RSS പ്രവർത്തകർക്കും ജീവപര്യന്തം കഠിന തടവ്

കൊല്ലം കടവൂരിൽ ആർ.എസ്സ്എസ്സ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ആർ.എസ്സ് എസ്സ് പ്രവർത്തകർക്കും ജീവപര്യന്തം കഠിന തടവ് വിധിച്ചു. ഇവർ ഒരു ലക്ഷം രൂപ വീതം പിഴയും നൽകണം. ആർഎസ്എസ് പ്രവർത്തകരായ വിനോദ്, ഗോപൻ, സുബ്രഹ്മണ്യൻ, അനിയൻ, പ്രണവ്, അരുൺ, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നിവരെയാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2012 ഫെബ്രുവരി 7 നാണ് ആർ എസ് എസ് നേതാവായിരുന്ന കടവൂർ ജയനെ ആർ എസ് എസ് പ്രവർത്തകർ തന്നെ വെട്ടിക്കൊലപ്പെടുത്തിയത്.

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ പോയ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ ഇന്ന് പുലർച്ചെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നീതിന്യായ ചരിത്രത്തിലെ തന്നെ സങ്കീർണ സാഹചര്യമാണ് കേസിൽ നേരത്തെയുണ്ടായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം പ്രതികൾ ഒളിവിൽ പോയ സംഭവം അത്യപൂർവമാണ്. പ്രതികളുടെ അസാന്നിധ്യം കാരണം വിധി പറയുന്നത് നേരത്തെ രണ്ടു തവണ മാറ്റിവച്ചിരുന്നു.

പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യം നിന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. 14 ന് വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ. പതിനൊന്ന് മണിയോടെ ജില്ലാ അഡിഷണൽ സെഷൻ കോടതിയിൽ പ്രതികളെ ഹാജരാക്കി. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്ന് എല്ലാ പ്രതികളും മറുപടി നൽകിയതോടെ കോടതി ശിക്ഷ പറഞ്ഞു. 9 പേർക്കും ജീവപര്യന്തം കഠിന തടവ്. ഒരുലക്ഷം രൂപ വീതമുള്ള പിഴത്തുക ജയന്റെ കുടുംബത്തിന് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

RSSKadavoor Jayan Murder Case
Comments (0)
Add Comment