
ഗുജറാത്തില്‍ പശുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് അഹമ്മദാബാദ് അമറേലി സെഷന്‍സ് കോടതി ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പശുക്കളെ കൊലപ്പെടുത്തുകയും മാംസം കടത്തുകയും ചെയ്ത അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഹിന്ദുമതം പശുക്കളെ പവിത്രമായി കണക്കാക്കുന്നുവെന്ന വസ്തുത അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികള്‍ കുറ്റം ചെയ്തതെന്നുമാണ് കോടതിയുടെ നിരീക്ഷണം.
പശുവിനെ കൊന്നതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത് ഇത് ആദ്യമായാണ്. 2023-ലാണ് സംഭവം. പ്രതികളില്‍ നിന്ന് പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. അമ്രേലിയില്‍ ഈ സംഭവം വ്യാപകമായ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷന്‍സ് ജഡ്ജി റിസ്വാനബെന്‍ ബുഖാരി ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് പ്രതികള്‍ പ്രതികരിച്ചിരിക്കുന്നത്.