എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തെ എതിർത്ത് വിഷയവിദഗ്ധര്‍ വിസിക്കയച്ച കത്തിന്‍റെ പകർപ്പ് പുറത്ത്

Jaihind News Bureau
Saturday, February 6, 2021

എം.ബി രാജേഷിന്‍റെ ഭാര്യയെ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചതിനെ എതിർത്ത് വിഷയവിദഗ്ധര്‍ വിസിക്കയച്ച കത്തിന്‍റെ പകർപ്പ് പുറത്ത്. സർവകലാശാല അധ്യാപനപരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പും പ്രതിഷേധവുമാണ് കത്തിലുള്ളത്.  പരാതികളിൽ ഗവർണറുടെ തീരുമാനവും നിർണായകമാകും.

ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന മൂന്ന് വിഷയ വിദഗ്ധര്‍ ജനുവരി 31 ന് കാലടി സർവ്വകലാശാല വിസിക്ക് അയച്ച കത്തിന്‍റെ പകർപ്പാണ് പുറത്തു വന്നത്. ഇവർ തയ്യാറാക്കിയ ലിസ്റ്റിൽ മുൻ എം പി എം ബി രാജേഷിന്‍റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലുണ്ടായിരുന്നത്. സർവകലാശാല തലത്തിൽ അധ്യാപന പരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത നിനിതയ്ക്ക് നിയമനം നൽകിയത്‌, രണ്ടോ അതിലധികമോ പേരെ മറികടന്നാണെന്നും വിഷയവിദഗ്ർ പറയുന്നു. നിയമനം തങ്ങളുടെ ധാർമ്മികതയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും, സർവകലാശാല എത്തിക്ക്സിന് എതിരാണെന്നും കത്തില്‍ പറയുന്നു. സർവകലാശാ അധികാരികൾക്ക് ഇഷ്ടമുള്ളവർക്ക് നിയമനം നൽകാനായിരുന്നുവെങ്കിൽ യു ജി സി നിർദ്ദേശിക്കുന്ന വിഷയ വിദഗ്തരുടെ ആവശ്യം ബോർഡിൽ എന്തിനായിരുന്നുവെന്ന രൂക്ഷ വിമർശനവും കത്തിലുണ്ട്. ഇന്‍റർവ്യൂ ബോർഡിന്‍റെ തീരുമാനം നടപ്പാക്കാൻ സർവ്വകലാശാല തയ്യാറാകണമെന്നും ഉമർ തറമേൽ, ടി പവിത്രൻ, കെ എം ഭരതൻ എന്നിവർ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടുന്നു. റാങ്ക് പട്ടികയിൽ സ്വജന പക്ഷപാതമുണ്ടെന്നും യോഗ്യതയുള്ള വരെ തഴഞ്ഞാണ് സിപിഎം നേതാവിന്‍റെ ഭാര്യക്ക് നിയമനം നൽകിയതെന്നും കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപയിനും ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ഗവർണറുടെ തീരുമാനവും നിർണായകമാവും.
യുജിസി ചട്ടപ്രകാരം വിഷയവിദഗ്ധരാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തി മാർക്കിടേണ്ടത് എന്നിരിക്കെ അവരുടെ പട്ടിക അവഗണിച്ച് വിസിയും മറ്റുള്ളവരും നിനിതയെ നിയമിക്കുകയായിരുന്നുവെന്നാണ് സൂചന. ഇത് നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ സർവ്വകലാശാലയും വിസിയും വെട്ടിലാകും. നിയമനത്തിനെതിരെ കേസ് നൽകാൻ ഒരുങ്ങുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.