കോഴിക്കോട്: എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ളതും ഇതേ വരെ ലാഭകരമായി പ്രവർത്തിച്ചിരുന്നതുമായ പൊതുമേഖല വിമാനത്താവളമായ കോഴിക്കോട് നിന്നും സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് ഇന്ധന നികുതി 28 ശതമാനം ഈടാക്കുന്നതോടൊപ്പം സ്വകാര്യമേഖല വിമാനതാവളമായ കണ്ണൂർ നിന്നും ഇന്ധന നികുതി ഒരു ശതമാനം മാത്രം ഈടാക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കേരള ഗസറ്റിൽ അസാധാരണം എന്ന തലക്കെട്ടിൽ 2018 നവംബർ മാസം മൂന്നാം തീയ്യതി പ്രസിദ്ധീകരിച്ച സർക്കുലറിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഇതു മൂലം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സർവ്വീസ് നടത്തുന്ന വിമാനങ്ങളുടെ യാത്രാനിരക്ക് ഉയർന്ന് നിൽക്കുമ്പോൾ, പരസ്യം നൽകി കണ്ണൂർ നിന്നുള്ള യാത്രാ നിരക്കുകൾ കുറക്കുന്നത്, ഈ പൊതു മേഖല വിമാനത്താവളത്തെ തകർച്ചയിലേക്ക് നയിക്കുമെന്നും എം.പി കത്തിൽ സൂചിപ്പിച്ചു.
തിരുവനന്തപുരം വിമാനത്താവളം കൂടി സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ അവശേഷിക്കുന്ന പൊതുമേഖല വിമാനത്താവളമായ കോഴിക്കോടിന്റെ യാത്രക്കാരുടെ എണ്ണം കുറഞ്ഞ്, ഇല്ലാതാക്കാനേ ഈ തീരുമാനം ഉപകരിക്കുകയുള്ളു എന്നും സൂചിപ്പിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ലക്ഷകണക്കിന് പ്രവാസികളും യാത്രക്കാരും കൂടുതലായും ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിലെ യാത്രാ നിരക്കിലെ വ്യതിയാനങ്ങൾ യാത്രക്കാരെ മറ്റ് ഭാഗങ്ങളിലുള്ള സ്വകാര്യ വിമാനത്താവളങ്ങളിലേക്ക് ആകർഷിക്കുകയും ഇതു മൂലം കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ നിർത്തലാക്കുന്നതിന് വിമാന കമ്പനികൾക്ക് സമ്മർദ്ദമേറുകയും ചെയ്യും. ഇതിനോടകം തന്നെ കോഴിക്കോട് നിന്നും ലാഭകരമായി പോയിരുന്ന സ്പൈസ് ജെറ്റ്, ഇന്റിഗോ എന്നിവയുടെ ചെന്നൈ,ബാംഗളൂർ,ഹൈദരാബദ് സർവ്വീസുകൾ നിർത്തലാക്കി കണ്ണൂരിലേക്ക് മാറ്റിയിരിക്കുകയാണ്.
കണ്ണൂരിൽ നിന്ന് ബാംഗ്ളൂരിലേക്ക് നിലവിൽ ഇൻഡിഗോ 1605/, ഗോ എയർ1836/, കോഴിക്കോട് നിന്ന് സ്പൈസ് ജെറ്റ്-2479, ഇൻഡിഗോ-2535 എന്നിങ്ങനെയാണ് നിരക്കുകൾ ആരംഭിക്കുന്നത്. ഈ ചാർജിലെ വ്യത്യാസത്തെ ഒരു പരിധിവരെ ഇന്ധന നികുതി സ്വാധീനിച്ചിരിക്കാമെന്നും അഭിപ്രായപ്പെട്ടു. വ്യോമയാന ഗതാഗതത്തിന്റെ ചിലവിൽ 70 ശതമാനവും ഇന്ധനത്തിലാണെന്നത് ഏവർക്കും അറിയാവുന്നതാണ്. പ്രസ്തുത വിഷയത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായ ജന പ്രതിനിധികളും, മന്ത്രിമാരും ഇടപെടണമെന്നും എം.പി അഭ്യർത്ഥിച്ചു.