M V Govindan| സിപിഎമ്മിന് തലവേദനയായി കത്ത് ചോര്‍ച്ച വിവാദം: ‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല’; കേസ് പിന്നീട് കൊടുക്കാമെന്നും എം വി ഗോവിന്ദന്‍

Jaihind News Bureau
Monday, August 18, 2025

പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ പരാതി മാധ്യമങ്ങളിലൂടെയും കോടതി വഴിയും പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്ക് നല്‍കിയ രേഖ എങ്ങനെ ചോര്‍ന്നു എന്നതിന് വിശദീകരണം നല്‍കാന്‍ പോലും നേതൃത്വത്തിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. സിപിഎം. കത്ത് ചോര്‍ന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്നും കേസ് പിന്നീട് കൊടുക്കുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പിബി യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലണ്ടനിലെ വ്യവസായിയായ രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സംസ്ഥാന മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2021-ലാണ് ഷര്‍ഷാദ് ആദ്യമായി പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളയ്ക്ക് പരാതി നല്‍കിയത്.

ഈ പരാതി ഇപ്പോള്‍ കോടതിയിലെത്തിയതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിന്റെ രേഖകളിലാണ് ഷെര്‍ഷാദിന്റെ പരാതിയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ പാര്‍ട്ടിയുടെ ആഭ്യന്തര രേഖ ഔദ്യോഗികമായി കോടതി രേഖയായി മാറി.

ഈ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടന്‍ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷെര്‍ഷാദ് വീണ്ടും രംഗത്തെത്തിയതോടെ അദ്ദേഹത്തെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കി. പരാതി ചോര്‍ന്നതിന് പിന്നില്‍ എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് ഷര്‍ഷാദ് ആരോപിക്കുന്നു. ഭീഷണിപ്പെടുത്തി രാജേഷ് കത്ത് വാങ്ങിയതാവാമെന്നും, രാജേഷും ശ്യാമും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഷര്‍ഷാദ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ പാര്‍ട്ടിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.