കത്ത് കത്തിച്ചോ? വിവാദ കത്ത് അന്വേഷണം; തണുപ്പന്‍മട്ടില്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : വിവാദ കത്ത് അന്വേഷണത്തിൽ തപ്പി തടഞ്ഞ് ക്രൈംബ്രാഞ്ച്. വിവാദ കത്തുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല മേയറുടേത് ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുമില്ല.

കത്ത് തയ്യാറാക്കിയ ഉറവിടമോ പ്രചരിച്ച വാട്സ്ആപ്പ് നമ്പരോ കണ്ടെത്താൻ പോലും ആകാതെയാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തപ്പിത്തടയുന്നത്.  പ്രാഥമികമായി മൊഴിയെടുത്ത് റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താം എന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. വാട്സാപ്പിലൂടെ പ്രചരിച്ച കത്ത് ആയതിനാൽ സൈബർ സെല്ലിന്‍റെ സഹായം തേടേണ്ടതുണ്ട്. ആ വഴിക്ക് ഉള്ള അന്വേഷണത്തിന്‍റെ സാധ്യതയിലും തണുപ്പൻ മട്ടാണ് ഇപ്പോഴുള്ളത്. കേസ് ശക്തമായി അന്വേഷിക്കണം എന്ന് മേയർ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും മറ്റു സിപിഎം നേതാക്കളിൽ നിന്ന് ഇക്കാര്യത്തിൽ ശക്തമായ പ്രതികരണം ഉയരുന്നുമില്ല. കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റ് കൂടിയെങ്കിലും നേരത്തെ പ്രഖ്യാപിച്ച പാർട്ടി തല അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചില്ല.

ഈ മാസം 25ന് ഹൈക്കോടതി വീണ്ടും കത്ത് കേസ് പരിഗണിക്കും. അതിനുള്ളിൽ മേയർ അടക്കം കോടതിക്ക് വിശദീകരണം നൽകണം. നാളെ മുതൽ നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസും യുഡിഎഫും ബിജിപിയും സമരം ശക്തമാക്കും.

Comments (0)
Add Comment