മേയറുടെ കത്തില്‍ അന്വേഷണം ഇഴയുന്നു; കത്തെവിടെയെന്ന് ‘കണ്ടെത്താനാകാതെ’ അന്വേഷണ സംഘം

Jaihind Webdesk
Tuesday, November 15, 2022

 

തിരുവനന്തപുരം: നഗരസഭയിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. 10 ദിവസം കഴിഞ്ഞിട്ടും യഥാർത്ഥ കത്ത് കണ്ടുപിടിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തെളിവില്ലെന്ന് കണ്ട് അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണ സംഘങ്ങളുടെ ശ്രമം. അതേസമയം അവധിയിലുള്ള ക്രൈം ബ്രാഞ്ച് എഡിജിപി മടങ്ങിയെത്തിയശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം.

പ്രതിപക്ഷ പാർട്ടികൾ കോർപറേഷൻ ആസ്ഥാനത്ത് ആറാം ദിവസവും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ സമരത്തിന് ആസ്പദമായ കത്തിന്‍റെ ഉറവി‍ടമോ പ്രചരിപ്പിച്ച‍വരെയോ കണ്ടെത്താതെ അന്വേഷണം വഴിമുട്ടി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിയമനങ്ങൾക്ക് പാർട്ടി പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയ കത്തിന്‍റെ ഒറിജിനൽ നശിപ്പിച്ചിരിക്കാ‍മെന്ന് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്. മേയർ ആരോപിക്കുന്നതുപോലെ കത്ത് നിയമവിരുദ്ധമായി ഉണ്ടാക്കിയതാണെങ്കിൽ അതു സ്ഥിരീകരിക്കാൻ ആ കത്ത് ആവശ്യമുണ്ടെന്നും ക്രൈം ബ്രാഞ്ച് നിലപാടെടുത്തു. സിപിഎം നേതാക്കളുടെ വാട്സാപ്പ് വഴി പ്രചരിച്ച മേയറുടെ കത്തിന്‍റെ സ്ക്രീൻ ഷോട്ട് മാത്രമേ കിട്ടിയിട്ടുള്ളൂവെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്. എസ്എടി ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള കത്ത് താനാണ് തയാറാക്കിയതെന്ന് ഏറ്റുപറഞ്ഞ കോർപറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ, ആ കത്ത് ആവശ്യമില്ലെന്നുകണ്ട് താൻ നശിപ്പിച്ചെന്നും ക്രൈം ബ്രാഞ്ചി‍നും വിജിലൻസി‍നും മൊഴി നൽകി.

അതിനിടെ എസ്എടി ആശുപത്രി ഉൾപ്പെട്ട മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം ലഭിച്ചവരിൽ ഡി.ആർ അനിലിന്‍റെ സഹോദരനും ഉണ്ടെന്ന വിവരം പുറത്തുവന്നു. അനിലിനെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. അവധിയിലുള്ള ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദർ‍വേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ച് സംഘത്തി‍ന്‍റെ ആലോചന. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും. കത്ത് വിവാദത്തിൽ 25 ന് ഹൈക്കോടതി ഹർജി പരിഗണിക്കും.

കോർപറേഷനിലെ കരാർ നിയമനത്തിന് പാർട്ടി പട്ടിക ചോദിച്ചു സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യ രാജേന്ദ്രന് നോട്ടീസ് അയയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടു. നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി കത്തയച്ചതിലൂടെ ആര്യ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോടിന്‍റെ പരാതിയിലാണ് നോട്ടീസ്.