കത്ത് വിവാദത്തില്‍ സിപിഎം പ്രതിരോധത്തിലാണെന്നും, ആരോപണങ്ങള്‍ നിഷേധിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. വിഷയത്തില്‍ മൗനം പാലിച്ചും, ആരോപണങ്ങള്‍ അസംബന്ധമാണെന്ന് പറഞ്ഞും കുബുദ്ധിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വന്‍കിട പണക്കാരുടെ സ്വാധീനമുണ്ടെന്ന ആരോപണം ഗുരുതരമാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പദ്ധതികള്‍ക്കായി വന്ന ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചതിലൂടെ സിപിഎം നേതാക്കന്മാരുടെയും സ്വന്തക്കാരുടെയും കൈകളിലേക്ക് പണം എത്തിയെന്നത് അതീവ ഗൗരവമായ വിഷയമാണ്. ഇതില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്ത് വിവാദത്തില്‍ സിപിഎം നേതൃത്വം സംശയത്തിന്റെ നിഴലിലാണെന്ന് പറഞ്ഞ സണ്ണി ജോസഫ്, അജിത് കുമാറുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായും കുറ്റപ്പെടുത്തി. അജിത് കുമാര്‍ ആര്‍എസ്എസുമായി ബന്ധമുള്ളയാളാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, പി. ശശിക്കെതിരെയുള്ള പരാതികളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.