“പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്ന് വിളിക്കാം”; നിലമ്പൂര്‍ ഗവൺമെൻറാശുപത്രിയുടെ ദുരവസ്ഥ തുറന്ന് പറഞ്ഞ് യുവതി; ആരോഗ്യ മന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Jaihind Webdesk
Tuesday, May 16, 2023

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ നിലമ്പൂരുള്ള ഗവൺമെൻറാശുപത്രിയുടെ ദുരവസ്ഥ ചര്‍ച്ചയാവുന്നു. നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്ന് സിന്ധു സൂരജ്‌ എന്ന ഗര്‍ഭിണിയായ യുവതിയാണ് ശോച്യാവസ്ഥ ഫേസ് ബുക്കില്‍ തുറന്നെഴുതിയിരിക്കുന്നത്. പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ….. ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് എന്നു തുടങ്ങുന്ന കുറിപ്പില്‍ ആശുപത്രിയുടെ ദുരന്ത അവസ്ഥ വായിക്കുമ്പോള്‍ തന്നെ തിരിച്ചറിയാം. ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് അവിടെയുള്ള നഴ്സ് വേദനയോടെ പറഞ്ഞടായും സിന്ധു കുറിപ്പില്‍ പറയുന്നു. ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും’ മെന്നും യുവതി മുന്ന്റിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം പോസ്റ്റ് ശ്രദ്ധയില്‍പെട്ടെ ആരോഗ്യ മന്ത്രി നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും. എട്ട് വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ബ്ലോക്കിന് അനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ചിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ മുടങ്ങിയതാണെന്നും കമന്‍റായി ഉത്തരം നല്‍കി.  ഇതിന് രൂക്ഷമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിക്കുന്നത്. തന്‍റെ ബുദ്ധിമുട്ട് പറയുന്ന സ്ത്രീയോട് ടെണ്ടറിന്‍റെ കണക്കു പറയാതെ ആശ്വസിപ്പിക്കുകയും വേണ്ട മുന്‍ കരുതലുകള്‍ എടുക്കുകയുമാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്നും സോഷ്യല്‍ മീഡിയ പറുന്നു.
ഇതേസമയം നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെയും രോഷം കനക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി വീരവാദം മുഴക്കുന്ന എംഎല്‍എ സ്വന്തം മണ്ഡലത്തിലിറങ്ങി ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കണമെന്നും സൈബറിടങ്ങള്‍ വ്യക്തമാക്കുന്നു.
കെടുകാര്യസ്ഥതയുടെയും ഒന്നാന്തരം ഉദഹരണമാണ് ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നതെന്നും  വോട്ടിന് വേണ്ടി പഞ്ചാര വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ അഴിമതി കാണിച്ച് സ്വന്തം കുടുംബം വളര്‍ത്തുകയാണെന്നുമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

സിന്ദു സൂരജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ….. ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് , ആകെ ഉള്ളത് പതിനാലു ബെഡ്ഡ് ,അതിൽ രണ്ടെണം SC ST സംവരണ ബെഡ്
ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ , അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ , വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും ,വെള്ളം പോയി തുടങ്ങിയതും …. അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ , നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല ,
പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന ജീവനക്കാർ , നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം ,
പ്രസവിക്കാനുള്ളവരും ,പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ …. വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കുസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത് , അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം ,
ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി ,വെറും രണ്ടേ രണ്ടു ടേബിൾ മാത്രം , ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് ,അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും
. വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല ,തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു. ഈ നരകത്തിൽ നിന്നും നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിന് ഇനിയും മോചനം വന്നില്ല എങ്കിൽ ഒരു ദിവസം വേണ്ടവിധത്തിൽ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ജീവനുകൾ നഷ്ടമാവും …… ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും’
സിന്ധു സൂരജ്‌
ചുങ്കത്തറ