കാർഷിക നിയമം ഒരു വർഷത്തേക്ക് നടപ്പാക്കാൻ അനുവദിക്കണം ; നിലപാട് മയപ്പെടുത്തി കേന്ദ്രം

Jaihind News Bureau
Friday, December 25, 2020

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങളിൽ നിലപാട് മയപ്പെടുത്തി കേന്ദ്ര സർക്കാർ. ഒരു വർഷത്തേക്ക് നിയമം നടപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യം. അതേസമയം മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ച് കർഷക സംഘടനകൾ.

വിവാദ കാർഷിക നിയമങ്ങളിൽ കർഷക പ്രതിഷേധം ഒരു മാസം പിന്നിട്ട ഘട്ടത്തിലാണ് ഒരു വർഷത്തേക്ക് നിയമം നടപ്പാക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാർഷിക നിയമങ്ങൾ കർഷക നന്മക്ക് എന്ന നിലപാടാണ് പ്രധാനമന്ത്രി അവർത്തിച്ചതിന് പിന്നാലെയാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചു നിൽക്കുകയാണ്.
തുറന്ന മനസോടെ ചർച്ചക്ക് തയ്യാർ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ചർച്ചക്ക് കേന്ദ്ര സർക്കാർ ക്ഷണം ഉണ്ടെങ്കിലും കർഷക സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കർഷക സംഘടനകൾ ഹരിയാനയിലെ ടോൾ പ്ലാസകൾ ജനങ്ങൾക്ക് തുറന്നു നൽകി.  പാർലമെന്റിൽ നടന്ന വാജ്പേയി അനുസ്മരണത്തിൽ എ എ പി അംഗങ്ങൾ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എതിരെ മുദ്രാവാക്യം മുഴക്കി.  വരും ദിവസങ്ങളിലും കർഷക സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.