‘ബിജെപിയെ പാഠം പഠിപ്പിക്കണം; മോദിക്കും ഷായ്ക്കും മഹാരാഷ്ട്രയെ പണയം വെക്കരുത്’; മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Tuesday, August 20, 2024

 

മുംബൈ: മഹാവികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള ശക്തമായ സർക്കാരാണ് മഹാരാഷ്ട്രയ്ക്ക് ആവശ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന സദ്ഭാവന ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും രാജ്യസഭയിൽ മതിയായ അംഗങ്ങൾ ലഭിക്കാൻ ഇന്ത്യാ സഖ്യം പരമാവധി സംസ്ഥാനങ്ങളിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 415 സീറ്റുകൾ നേടിയിട്ടും രാജീവ് ഗാന്ധി ഒരു ധാർഷ്ട്യവും കാണിച്ചില്ല. അതുപോലെ വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കാനുള്ള വിപ്ലവകരമായ തീരുമാനത്തെ അദ്ദേഹം പരാമർശിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ മുമ്പ് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര വികാസ് അഘാഡിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് മഹാവികാസ് അഘാഡിയുടെ ശക്തമായ സർക്കാർ ആവശ്യമാണ്. ബിജെപിയെ ഒരു പാഠം പഠിപ്പിക്കണം. മോദിക്കും അമിത്ഷായ്ക്കും മഹാരാഷ്ട്രയെ പണയം വെക്കരുത്. മഹാരാഷ്ട്രയെ നിയന്ത്രിക്കേണ്ടത് സംസ്ഥാനത്തെ ജനങ്ങളാണ് അല്ലാതെ ഡൽഹിയിൽ നിന്നല്ല. ബിജെപിയെ മഹാരാഷ്ട്രയിൽ നിന്ന് തുരത്തണം. സർക്കാർ അധികകാലം പ്രവർത്തിക്കില്ലെന്നും ഉടൻ അധികാരത്തിൽ നിന്ന് വീഴുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ ഏകാധിപതിയാകുന്നതിൽ നിന്ന് തടഞ്ഞതിന് സംസ്ഥാനത്തെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, രമേശ് ചെന്നിത്തല, നാനാ പടോലെ, മുകുൾ വാസ്നിക്, സുശീൽ കുമാർ ഷിൻഡെ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.