വൈയ്യാറ്റുപുഴ ഗ്രാമം പുലിപ്പേടിയിൽ

Jaihind News Bureau
Friday, August 30, 2019

പുലിപ്പേടിയിൽ കഴിയുകയാണ് വൈയ്യാറ്റുപുഴ ഗ്രാമം. പുലിപ്പേടിയിൽ പ്രദേശവാസികൾക്ക് പകൽ പോലും പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയിലാണ്.

പത്തനംതിട്ട ജില്ലയിലെ ചിറ്റാറിന് സമീപം വൈയ്യാറ്റുപുഴയിൽ പുലി ഇറങ്ങുന്നത് നിത്യസംഭവമാണ്. അടുത്ത കാലത്തായി നിരവധി വളർത്തുന്നയ്ക്കളെ പുലി കൊന്നിരുന്നു. വൈയാറ്റുപുഴ തേരകത്തുംമണ്ണ് ഭാഗത്തായാണ് പുലിയുടെ സാന്നിധ്യം ഏറെയും ഉണ്ടാകുന്നത്. ബുധനാഴ്ച്ച പുലർച്ചെ 5 ഓടെ ടാപ്പിംഗിനായി ബൈക്കിൽ പോവുകയായിരുന്ന തേരിക്കുംമണ്ണിൽ പാലപ്പള്ളിയിൽ വീട്ടിൽ അജിയെ പുലി ആക്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ പോവുകയായിരുന്ന അജി പുലിയുടെ മുന്നിൽ അകപ്പെട്ടു. മിനിട്ടുകളോളം ഭയന്ന് പുലിയുടെ മുന്നിൽ നിന്ന അജി പുലി മുന്നോട്ട് കുതിച്ചപ്പോൾ ബൈക്ക് തിരിച്ച് വേഗത്തിൽ ഓടിച്ച് വീട്ടിൽ കയറി കതകടയ്ക്കുകയായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോൾ പുലി വീടിന് മുന്നിൽ നിൽക്കുന്നത് കണ്ടതായും അജി പറയുന്നു.

അൽപ്പ സമയത്തിന് ശേഷം പുലി സമീപവാസിയായ കരുവേലി പ്രസാദിന്‍റെ വീട്ടിന് മുന്നിൽ നിൽക്കുന്നതായും അജിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തേരകത്തും മണ്ണ് വനത്തിൽ നിന്നും ഒന്നര കിലോമീറ്ററിലധികം ദൂരെ ജനവാസ കേന്ദ്രത്തിലാണ് പുലി ഇറങ്ങിയത്. സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമെങ്കിൽ ഇവിടെ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.