സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടേത് ഉള്‍പ്പെടെയുള്ളവരുടെ കാലുകഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവര്‍ണ്ണര്‍ കേരളത്തിന് നാണക്കേടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
രാജേന്ദ്ര അര്‍ലേക്കര്‍ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നല്‍കിയ മണ്ണാണിത്. നവോത്ഥാനം നടന്ന ഈ നാടിന്റെ ചരിത്രം ഒരുപക്ഷെ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് അറിയില്ല. കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല. സര്‍വണ്ണ അജണ്ടയോടെയുള്ള രാഷ്ട്രീയം മാത്രമാണത്. ഗവര്‍ണ്ണര്‍ സര്‍വര്‍ണ്ണ ഫാസിസ്റ്റ് സംസ്‌കാരം കേരളത്തെ പഠിപ്പിക്കാന്‍ നോക്കുകയാണ്. തന്റെ പദവിയുടെ മഹത്വം അദ്ദേഹം മനസിലാക്കണം. പുരോഗമന മുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനുള്ള ഗവര്‍ണ്ണറുടെ നടപടി അപലപനീയമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ബിജെപി നേതാവിനെ രാഷ്ട്രപതി ഭവന്‍ നോമിനേറ്റ് ചെയ്ത നടപടി ശരിയായില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഈ നാമനിര്‍ദ്ദേശം ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ച മൂല്യച്യുതിയാണ്. പ്രഗത്ഭരായ വ്യക്തിത്വങ്ങളെയാണ് രാഷ്ട്രപതി ഭവന്‍ സാധാരണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാറുള്ളത്. എം.എസ്.സ്വാമിനാഥനെ പോലുള്ളവരെ നാമനിര്‍ദ്ദേശം ചെയ്ത പാരമ്പര്യമാണുള്ളത്. സി.സദാനന്ദന്‍ ബിജെപിക്ക് വേണ്ടി ത്യാഗങ്ങള്‍ അനുഭവിച്ചുണ്ടാകും. അങ്ങനെയെങ്കില്‍ അത് അവരുടെ പാര്‍ട്ടി നോമിനിയായി രാജ്യസഭയിലേക്ക് അയക്കണമായിരുന്നെന്നും രാഷ്ട്രപതി ഭവനെ കൊണ്ട് നാമനിര്‍ദ്ദേശം ചെയ്തതിലൂടെ എന്തു സന്ദേശമാണ് നല്‍കുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
ആരോഗ്യമേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന അനാരോഗ്യത്തെ കുറിച്ച് ഉന്നയിക്കുന്നവരെ ജയിലിലടച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമോയെന്ന് ചോദിച്ച വേണുഗോപാല്‍ ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടിനെതിരെ സമരം തുടരുമെന്നും വ്യക്തമാക്കി.