ലൈഫിലെ ഫയലുകള്‍ ആവശ്യപ്പെട്ടു ; ഇ.ഡിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസ്

Jaihind News Bureau
Saturday, November 7, 2020

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട ഇ.ഡിക്ക് കേരളാ നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ് . എൻഫോഴ്മെന്‍റ് അസി. കമ്മീഷണർക്കാണ് എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചത്. ലൈഫ് പദ്ധതി ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണന്നും നിയമസഭ സെക്രട്ടറി ആരോപിക്കുന്നു. നോട്ടീസിന് 7 ദിവസത്തിനകം മറുപടി നൽകണം.

ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് വിഷയത്തിൽ ഇ.ഡിയോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്സ് കമ്മിറ്റിയോടുള്ള പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.