ഫുട്ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു

 

സാവോ പോളോ : ഫുട്‌ബോൾ ഇതിഹാസം പെലെ വിടവാങ്ങി. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 82 വയസായിരുന്നു. മൂന്ന് ലോകകപ്പ് നേടിയ ഇതിഹാസ താരമാണ് വിട വാങ്ങിയത്. നൂറ്റാണ്ടിന്‍റെ താരമെന്ന ബഹുമതി നൽകി ഫിഫ ആദരിച്ചിട്ടുണ്ട്. പെലെയുടെ വിയോഗത്തിൽ ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്‍റോസിനുവേണ്ടി കളിക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്.1957 ല്‍ തന്‍റെ പതിനാറാം വയസിലാണ് ബ്രസീലിന് വേണ്ടി പെലെ ആദ്യമായി ജേഴ്സി അണിഞ്ഞത്. അർജന്‍റീനയ്ക്കെതിരെയായിരുന്നു ആദ് മത്സരം. അന്ന് ബ്രസീല്‍ നേടിയ ഏക ഗോള്‍ പെലെയുടെ പേരില്‍ കുറിക്കപ്പെട്ടെങ്കിലും 2 ഗോളുകള്‍ നേടി അർജന്‍റീന വിജയം സ്വന്തമാക്കി. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചതും പെലെയായിരുന്നു. പെലെയുടെ കളം നിറഞ്ഞുനില്‍ക്കെ ബ്രസീൽ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി. 1958, 1962, 1970 വർഷങ്ങളില്‍ ബ്രസീല്‍ ലോകഫുട്ബോള്‍ കിരീടം ചൂടി.

ജീവിക്കാനായി ഷൂ പോളിഷ് ചെയ്തിരുന്ന ബാലനാണ് പില്‍ക്കാലത്ത് കാല്‍പ്പന്തില്‍ ഇന്ദ്രജാലങ്ങള്‍ തീർത്തത്. 1281 ഗോളുകളാണ് പെലെയുടെ കാലുകളില്‍ നിന്ന് എതിരാളികളുടെ ഗോള്‍വലയില്‍ മിന്നല്‍പ്പിണര്‍ തീർത്തത്. ഫിഫ പ്ലെയർ ഓഫ് ദ സെഞ്ചുറി, ഫിഫ ഓർഡർ ഓഫ് മെറിറ്റ്, ഐഒസി അത്‌ലറ്റ് ഓഫ് ദ ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ, ഫിഫ ലോകകപ്പ് മികച്ച കളിക്കാരൻ തുടങ്ങി നിരവധി അംഗീകാരങ്ങളും പെലെയെ തേടിയെത്തി.

Comments (0)
Add Comment