വയനാടിനെ സഹായിച്ച രാഹുല്‍ഗാന്ധിയെ അപമാനിക്കാന്‍ സഖാക്കളുടെ കുപ്രചാരണം; രാഹുല്‍ഗാന്ധിയുടെ സഹായത്തെയും സി.പി.എമ്മിന്റെ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ നുണകളുമായി സി.പി.എം മാധ്യമങ്ങള്‍

Jaihind Webdesk
Friday, August 16, 2019

വയനാട്: ദുരന്തമേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയ വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഇനി ബാക്കിയുള്ളത് ചെളിയാണ്. അതുവാരി ജനങ്ങള്‍ക്കുമേല്‍ എറിയുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രളയജലം സര്‍വവും കവര്‍ന്നെടുത്ത ഒരു ജനതയുടെ പ്രതീക്ഷയും സാന്ത്വനവുമായി മാറിയ രാഹുല്‍ഗാന്ധിയെ അപമാനിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ഇടതുപക്ഷ മാധ്യമങ്ങളുടെയും സി.പി.എം പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി ആദ്യഘട്ട സഹായം എന്ന നിലയില്‍ 50,000 കിലോ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും ഉള്‍പ്പെടെ ടണ്‍ കണക്കിന് സ്‌നേഹമാണ് വയനാട് എം.പി രാഹുല്‍ ഗാന്ധി ജില്ലയിലെത്തിച്ചത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഈ സഹായങ്ങള്‍ വിതരണം ചെയ്യുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.

എന്നാല്‍ ഈ പ്രവൃത്തിയെയും തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്ത് കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും അപമാനിച്ച്. അതും തിരുവനന്തപുരം നഗരസഭയുടെ ക്രെഡിറ്റില്‍ ചേര്‍ക്കാനുള്ള പ്രചാരണത്തിലാണ് ഇടതുപക്ഷം ഇപ്പോള്‍. ഇതിനുവേണ്ടി വ്യാജപ്രചാരണങ്ങള്‍ സൈബര്‍ സഖാക്കളുടെ സോഷ്യല്‍മീഡിയകളില്‍ കുത്തിയൊഴുകുകയാണ്. കള്ളക്കണക്കെടുപ്പുകളും അവഹേളനങ്ങളും തടയാന്‍ സി.പി.എം നേതൃത്വം ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വാസ്തവം അതിന്റെ ചെരുപ്പ് ധരിക്കുമ്പോഴേക്കും അസത്യം അതിന്റെ യാത്ര പൂര്‍ത്തിയാക്കിയിരിക്കും എന്നതുപോലെ ഇപ്പോള്‍ തന്നെ സഖാക്കളുടെ നുണപ്രചാരണം സൈബര്‍ സഖാക്കള്‍ കൊണ്ടുപിടിച്ച് ഷെയര്‍ ചെയ്തുകഴിഞ്ഞു. പ്രളയഭൂമിയില്‍ നിന്നുകൊണ്ട് രാഷ്ട്രീയം പറയില്ല എന്നുപറഞ്ഞ രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഔന്നത്യം സഖാക്കള്‍ക്കില്ലാതെ പോയി എന്നും ഇപ്പോഴുള്ള പ്രചാരണങ്ങളില്‍ കാണാം.

പ്രളയബാധിത മേഖലകളില്‍ രണ്ട് ദിവസം സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിരുന്നു. വാക്കിന് മാറ്റമുണ്ടായില്ല. ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെ അദ്ദേഹം അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നീക്കം ആരംഭിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ടണ്‍ കണക്കിന് അവശ്യവസ്തുക്കള്‍ സംസ്ഥാനത്തേക്കെത്തിയത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും. അഞ്ച് കിലോ അരിയും ഭക്ഷ്യവസ്തുക്കളുമടങ്ങിയ കിറ്റ് ഓരോ കുടുംബത്തിനും ലഭ്യമാക്കും. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്‍ വയനാടിന് നല്‍കുന്നത്. പ്രളയദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും വീടുകള്‍ ക്ലീന്‍ ചെയ്യാനാവശ്യമായ വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.

ഉരുള്‍പൊട്ടലിലും പ്രളയത്തിലും എല്ലാം നഷ്ടമായി പകച്ചുനിന്ന ഒരു ജനതയ്ക്ക് ആശ്വാസവും സാന്ത്വനവുമാവുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ സാമീപ്യം. എല്ലാവരെയും ആശ്വസിപ്പിച്ച രാഹുല്‍ ഗാന്ധി എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അര്‍ഹമായ നഷ്ടപരിഹാരം നേടിനല്‍കുമെന്നും ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. പിന്നാലെ കര്‍ഷകരുടെ വായ്പാ തിരിച്ചടവ് കാലാവധി നീട്ടി നല്‍കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും അദ്ദേഹം കത്തെഴുതിയിരുന്നു. ധൃതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.