കുസാറ്റിലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് തലചുറ്റി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് തലവന്‍ ഡോ. പി അരുണാചലത്തെ പി.ടി തോമസ് എംഎല്‍എ സന്ദര്‍ശിക്കുന്നു
കൊച്ചി: അനധികൃത ബില്ലുകളും വൗച്ചറുകളും ഒപ്പിട്ടു പാസാക്കാന്‍ വിസമ്മതിച്ച കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് തലചുറ്റി വീണ് ആശുപത്രിയിലായി. ഇന്നലെ ഉച്ചയോടെ കളമശേരിയിലുള്ള കുസാറ്റ് കാമ്പസിലാണ് സംഭവം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് തലവന്‍ സേലം സ്വദേശി ഡോ. പി അരുണാചലമാണ് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ഭീഷണിപ്പെടുത്തലിനെ തുടര്‍ന്ന് രക്ത സമ്മര്‍ദ്ദം കൂടി തലചുറ്റി വീണത്. സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം മാണി ഫണ്ട് അനുവദിച്ച് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് ആരംഭിച്ചിരുന്നു. കേന്ദ്ര – സംസ്ഥാന ബജറ്റുകള്‍ സംബന്ധിച്ച് വിശദമായ പഠനത്തിനും ചര്‍ച്ചകള്‍ക്കും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സെന്ററിന്റെ പേര് വെറും ബജറ്റ് സ്റ്റഡി സെന്റര്‍ എന്നാക്കുകയും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ചില സെമിനാറുകള്‍ സംഘടിപ്പിക്കുകയുമാണ് ചെയ്തു പോന്നത്.
സെന്ററിന്റെ അഡീഷണല്‍ ചാര്‍ജ് ഡോ. പി.അരുണാചലത്തിന് നല്‍കാന്‍ നേരത്തേ ചേര്‍ന്ന സിന്‍ഡിക്കറ്റ് തീരുമാനിച്ചെങ്കിലും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ അടുത്തിടെ കൂടിയ സിന്‍ഡിക്കറ്റ് ചാര്‍ജ് ഏറ്റെടുക്കാന്‍ ഡോ. അരുണാചലത്തോട് വീണ്ടും ആവശ്യപ്പെട്ടു. മാത്രമല്ല, മുന്‍ സിന്‍ഡിക്കറ്റ് കൂടിയ ദിവസം മുതല്‍ സെന്ററുമായി ബന്ധപ്പെട്ടുണ്ടായ ചെലവുകളുടെ ബില്ലുകളും വൗച്ചറുകളും ഒപ്പിട്ടു നല്‍കാന്‍ അധ്യാപകനെ നിര്‍ബന്ധിക്കുകയും ചെയ്തു. താന്‍ ചാര്‍ജ് ഏറ്റെടുക്കാത്ത സെന്ററിന്റെ പേരിലുണ്ടായ ബില്ലുകളില്‍ ഒപ്പു വയ്ക്കാന്‍ ഡോ. അരുണാചലം വിസമ്മതിച്ചു.
ഇതില്‍ പ്രകോപിതരായ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അധ്യാപകനെ സസ്‌പെന്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഗവ. സെക്രട്ടറിമാര്‍ ആവശ്യത്തെ എതിര്‍ത്തു. ഇതോടെ ഡോ. അരുണാചലത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് നാലംഗ സിന്‍ഡിക്കറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി എന്‍ക്വയറി കമ്മിറ്റിക്ക് രൂപം നല്‍കി. ഡോ. ചന്ദ്രമോഹന്‍ കുമാര്‍, ഡോ. ജയരാജ്, ഡോ. എം ഭാസി, ഡോ. കെ.കെ ഷാജു എന്നിവരടങ്ങിയ ഈ കമ്മിറ്റിയാണ് ഇന്നലെ അധ്യാപകനെ വിളിച്ചു വരുത്തി ബില്ലുകള്‍ ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ സസ്‌പെന്‍ഡു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഇരുപത്തെട്ട് വര്‍ഷത്തെ അധ്യാപന പാരമ്പര്യമുള്ള ഡോ. പി.അരുണാചലത്തിന്റെ കീഴില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.