സര്‍ക്കാരിനെയും മുന്നണിയെയും തിരിഞ്ഞുവെട്ടി 51 പേരുടെ പട്ടിക

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് കോടതിയില്‍ സമര്‍പ്പിച്ച പട്ടികയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കവും പഴിചാരലും. പട്ടിക തയ്യാറാക്കിയതും നിയമവകുപ്പിനും നല്‍കിയത് പോലീസാണ്. എന്നാല്‍ കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കാനല്ല ഈ പട്ടിക നല്‍കിയതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. വിര്‍ച്വല്‍ ക്യൂ സൗകര്യം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങി പോയവരുടെ ലിസ്റ്റ് എന്നുപറഞ്ഞാണ് ഇങ്ങനൊരു ലിസ്റ്റ് തയ്യാറാക്കിയത്. കോടതിയില്‍ അധികാരികമായ ഒരു രേഖയായിട്ടല്ല ഈ പട്ടിക തയ്യാറാക്കിയത് – പോലീസിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ വളരെയധികം അന്വേഷണത്തിലും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഈ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചതെന്നും പട്ടികയില്‍ അവ്യക്തതയില്ലെന്നുമാണ് നിയമവകുപ്പിന്റെ നിലപാട്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ ഭരണമുന്നണിയിലും തര്‍ക്കം മുറുകുകയാണ്. ദേവസ്വം ബോര്‍ഡിന് പട്ടിക നല്‍കിയതില്‍ ഉത്തരവാദിത്തമില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞതോടെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വെട്ടിലായിരിക്കുന്നത്. 51 യുവതികള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടത്.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വനിതകളുടെ പട്ടികയിലെ പിഴവുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇതോടെ മുന്നണിക്കുള്ളിലും പട്ടികയെക്കുറിച്ചുള്ള അസ്വാരസ്യങ്ങള്‍ പുറത്തുവരികയാണ്.

Comments (0)
Add Comment