ജനുവരി 9: രാജ്ഭവന്‍ പ്രതിഷേധത്തിന് ഇടുക്കിയിലെ ഇടതുസംഘടനകള്‍; അതേ ദിവസം ഗവർണർ ഇടുക്കിയിലേക്ക്

Jaihind Webdesk
Thursday, January 4, 2024

 

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയിലെത്തും. വരുന്ന ഒമ്പതിനാണ് വ്യാപാരി വ്യവസായി ഏകോപന സമതി കാരുണ്യ കുടുംബ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി ഗവര്‍ണര്‍ തൊടുപുഴയില്‍ എത്തുന്നത്. ഇതേ ദിവസമാണ് ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നിന്നുള്ള ഇടതു സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നത്.

ഭൂനിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ക്കെിരെയുള്ള പ്രതിഷേധ ആയുധമാക്കി ഇടതുപക്ഷം പടയൊരുക്കം നടത്തുന്ന സാഹചര്യത്തിലാണ് ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായി തന്നെ നിലനില്‍ക്കുന്ന ഇടുക്കിയിലേയ്ക്ക് ജില്ലയിലെ വ്യാപാരികളുടെ ക്ഷണം സ്വീകരിച്ച് ഗവര്‍ണര്‍ എത്തുന്നത്. വ്യാപാരി വ്യവസായി ഏകോപന സമതി ആരംഭിച്ചിരിക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിനായിട്ടാണ് ഗവര്‍ണര്‍ ജനുവരി 9-ന് തൊടുപുഴയില്‍ എത്തുന്നത്.

അതേസമയം ഇതേദിവസം തന്നെയാണ് ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നിന്നും ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേയ്ക്ക് കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നതും. പ്രതിഷേധവുമായി ഇടുക്കിയില്‍ നിന്നും ഇടതു സംഘടനകള്‍ രാജ്ഭവനിലേക്കെത്തുമ്പോള്‍ രാജ്ഭവനില്‍ നിന്നും ഗവര്‍ണര്‍ ഇടുക്കിയിലേയ്ക്കെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം വ്യാപാരി വ്യവസായി പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നതിനായി ഡിസംബറില്‍ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീയതി ലഭിച്ചിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പള്ളി പറഞ്ഞു.

പ്രതിഷേധവും വിവാദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമ്പതാം തീയതിക്ക് മുമ്പായി ഗവര്‍ണര്‍ ഭൂനിയമ ഭേദഗതി ബില്‍ ഒപ്പിടാതെ തിരിച്ചയക്കാന്‍ സാധ്യതയുണ്ട്. ഒമ്പതിന് മുമ്പ് ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണ്ണ എടുക്കുന്ന നിലപാട് എന്ത് എന്നതും ഏറെ പ്രധാനമാണ്.