ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു വ്യക്തമാക്കി.
ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും. മാര്‍ച്ച് 3തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തും.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി തല്‍സ്ഥാനത്ത് സിപിഎം അനുഭാവികളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവ്, മുടങ്ങിക്കിടക്കുന്ന തുച്ഛമായ ഓണറേറിയവും ഇന്‍സെന്റീവും നല്‍കുക, വിമരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ അവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സമരം അവസാനിപ്പിക്കാമെന്ന് കരുതണ്ട.ആ നടപടിയെ എന്തുവില കൊടുത്തും കോണ്‍ഗ്രസ് ചെറുക്കും. പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ശമ്പള വര്‍ധനവും ഡല്‍ഹിയിലെ കേരള പ്രതിനിധിക്ക് വാര്‍ഷിക യാത്രാ ബത്തയും വര്‍ധിപ്പിച്ച സര്‍ക്കാര്‍ അതിജീവന സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ കണ്ടില്ലെന്ന് നടിക്കുകയാണ്.
ജീവിതച്ചെലവ് വര്‍ധിച്ച ഈ സാഹചര്യത്തില്‍ 7000 രൂപ ഓണറേറിയത്തിന് എങ്ങനെയാണ് ഒരു കുടുംബം പലരുക എന്ന ചോദ്യമാണ് ആശാവര്‍ക്കര്‍മാര്‍ ഉയര്‍ത്തുന്നത് ? ന്യായമായ ഈ ചോദ്യത്തിന് ഉത്തരം നാല്‍കാതെയും ആശാവര്‍ക്കര്‍മാരുടെ സമരത്തിന് രമ്യമായ പരിഹാരം കാണാതെയുമാണ് അവരെ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി ഭീഷണിപ്പെടുത്തുന്നത്.അവരോട് ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്തത് തെറ്റായ സമീപനമാണ്.തൊഴിലാളികളോടും സമരങ്ങളോടും ഇടതുപക്ഷ സര്‍ക്കാരിനും സിപിഎമ്മിനും പുച്ഛം മാത്രമാണ്.ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെയുള്ള അവരുടെ സമരപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കി കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു,
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി 24ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ആശാവര്‍ക്കര്‍മാരെ സന്ദര്‍ശിച്ച ശേഷം സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ച് അവര്‍ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്.