കെട്ടിയിറക്കിയ ഇടതുസ്ഥാനാർത്ഥി; സിപിഎം വിശദീകരിക്കേണ്ടത് സ്വന്തം പ്രവര്‍ത്തകരോടെന്ന് പ്രതിപക്ഷ നേതാവ്

 

കൊച്ചി: തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ വാർത്താ സമ്മേളനത്തിൽ എന്തിനുവേണ്ടിയാണ് വൈദികരെ ഇരുത്തിയതെന്ന് അവർ തന്നെ പരിശോധിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇതെല്ലാം
ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി സ്ഥാനാർത്ഥി എന്‍റെ പയ്യനാണെന്നാണ് പി.സി ജോർജ് പറഞ്ഞത്. അങ്ങനെ ഒരാളാണോ ഇടതുമുന്നണി സ്ഥാനാർത്ഥി ആകേണ്ടതെന്നും വി.ഡി സതീശൻ ചോദിച്ചു.

വാ തുറന്നാല്‍ വർഗീയത പറയുന്ന പി.സി ജോര്‍ജിനെ കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ടാണ് ഇടതുമുന്നണി സ്ഥാനാർത്ഥി വരുന്നതെങ്കില്‍ വിശദീകരിക്കേണ്ടത് സിപിഎമ്മാണ്. യുഡിഎഫുമായി രാഷ്ട്രീയപോരാട്ടത്തിന് കെട്ടിയിറക്കിയ ഒരു സ്ഥാനാർത്ഥിയെയും കൊണ്ടാണോ വരുന്നത്. ബാഹ്യസമ്മർദത്തിന് വഴങ്ങിയാണ് പാർട്ടിക്കാരനായ സ്ഥാനാർത്ഥിയെ ഒഴിവാക്കി മറ്റൊരാളെ കൊണ്ടുവന്നത്. അരുൺകുമാറിന് വേണ്ടി ചുവരെഴുത്ത് വരെ നടത്തിയതിന് ശേഷം അത് മായ്ച്ച് ഒരു ഡോക്ടറെ സ്ഥാനാർത്ഥിയാക്കിയത് വിശദീകരിക്കേണ്ടത് സിപിഎമ്മാണ്. അത് ഞങ്ങളോടല്ല, സിപിഎം പ്രവർത്തകരോടാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അധികാരം ഉപയോഗിച്ച് വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാമെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥർ കരുതുന്നുണ്ടെങ്കിൽ അത്തരക്കാരെ സംരക്ഷിക്കാൻ ഒരാളുമുണ്ടാവില്ലെന്നത് യുഡിഎഫ് ഉറപ്പാക്കും. യുഡിഎഫ് നിയമപരമായി നേരിടാൻ പിന്നാലെയുണ്ടാകും. 2011 ൽ കോഴിക്കോട് ജില്ലയിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ വ്യക്തിയെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചത് ക്രമക്കേടുകൾ നടത്താൻ വേണ്ടിയാണെങ്കിൽ അതിനെ യുഡിഎഫ് ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Comments (0)
Add Comment