പ്രിയങ്ക ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍ ഡി എ യും; വയനാട്ടില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്ന് പ്രവര്‍ത്തകര്‍

Jaihind Webdesk
Tuesday, November 5, 2024

വയനാട് :വയനാട് ലോക സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയ രാഷ്ട്രിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍ ഡി എ യും. വയനാട്ടിലെ മെഡിക്കല്‍ കോളേജ് സംബന്ധിച്ച ചോദ്യവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാത്തത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയത്.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി രാഷ്ട്രിയം പറയുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ എല്‍ ഡി എഫും, എന്‍ ഡി എ യും വിമര്‍ശനമായി ഉന്നയിച്ചത്.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രിയങ്ക ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇരു മുന്നണികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രിയങ്ക ഗാന്ധി കല്‍പറ്റയിലെ റോഡ്‌ഷോ മുതല്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനം വയനാട്ടിലെ മെഡിക്കല്‍ കോളേജ് വിഷയവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സഹായം നല്‍കാത്തത് ഉള്‍പ്പടെയായിരുന്നു.

വയനാടന്‍ ജനത നേരിടുന്ന വികസന പ്രശ്‌നങ്ങള്‍, രാത്രിയാത്രാ നിരോധനം,  കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് ഉള്‍പ്പടെ പ്രിയങ്ക വയനാടന്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.പ്രിയങ്ക ഗാന്ധിക്ക് മറുപടി നല്‍കാന്‍ എല്‍ഡിഎഫിന്റെയും, എന്‍ ഡി എ യുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.