കനലെല്ലാം കെടുന്നു, കൈ കോർക്കണം; തിരഞ്ഞെടുപ്പ് ഫലം വന്നതോടെ നിലപാട് തിരുത്തി പി.വി. അന്‍വർ

Jaihind Webdesk
Friday, June 7, 2024

 

മലപ്പുറം: നിലപാട് തിരുത്തി പി.വി. അൻവർ എംഎൽഎ. ബിജെപിയെ ചെറുക്കാൻ കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും കൈ കോർക്കണമെന്ന് പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കോൺഗ്രസുമായി സഹകരിക്കണമെന്നും പേരെടുത്ത് പറയാതെ പി.വി. അൻവർ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അന്‍വറിന്‍റെ നിലപാടുമാറ്റമെന്നതാണ് ശ്രദ്ധേയം.

കേന്ദ്രത്തിൽ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന സഹകരണം എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ എന്ന് നേതാക്കൾ ചിന്തിക്കണമെന്നും വർഗീയത വളർന്ന് വലുതാവുന്നത്തിന് മുമ്പു തന്നെ പിഴുതെറിയണമെന്നും പി.വി. അൻവർ പറയുന്നു. അതിനുവേണ്ടി എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്ന് ജനങ്ങൾ ചോദിച്ചു തുടങ്ങി. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും പി.വി. അൻവർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിക്കുകയും സിപിഎമ്മിന് മാത്രമേ ബിജെപിയെ ചെറുത്തുതോൽപ്പിക്കാൻ കഴിയൂ എന്നുമായിരുന്നു പി.വി. അൻവർ എല്ലായിടത്തും പ്രസംഗിച്ച് നടന്നിരുന്നത്.