അധോലോകത്തിന്റെ ഭീഷണി; പോലീസ് സുരക്ഷവേണമെന്ന് ലീന മരിയ പോള്‍; വെടിവെച്ചതാരെന്ന് കണ്ടെത്താനാകാതെ പോലീസ്

Jaihind Webdesk
Tuesday, December 18, 2018

കൊച്ചി : തന്‍റെ ബ്യൂട്ടി പാര്‍ലറിലെ വെടിവെയ്പ്പിന് ശേഷവും രവി പൂജാരിയുടെ പേരില്‍ ഭീഷണി സന്ദേശം വന്നെന്ന് നടി ലീന മരിയ പോള്‍. പാര്‍ലര്‍ അടപ്പിക്കുമെന്നും ആക്രമണം നടത്തുമെന്നുമായിരുന്നു ഭീഷണിയെന്ന് ലീന പോലീസിനോട് പറഞ്ഞു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള നെറ്റ് കോള്‍ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോള്‍ പറയുന്നു.

എന്നാല്‍ വെടിവെച്ചതാരെന്നോ എന്തിനെന്നോ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 15 നായിരുന്നു കൊച്ചി പവമ്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരേ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ ബൈക്കിലെത്തിയ സിസിടിവി ദൃശ്യം മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കൈയിലുള്ളത്.

ഇതിനിടെ രവി പൂജാരിയോ അല്ലെങ്കില്‍ രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജീവന് ഭീഷണി ഉള്ളതിനാല്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായതിന് ശേഷവും പല തവണ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായി നടി ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ അടപ്പിക്കുമെന്നും പൈസ കൊടുത്തില്ലെങ്കില്‍ ആക്രമണമുണ്ടാകുമെന്നും രവി പൂജാരിയുടെ പേരില്‍ ഭീഷണിയെത്തിയെന്ന് ലീന മരിയ പോള്‍ പറഞ്ഞു. സൗത്ത് കൊറിയയില്‍ നിന്നുള്ള നെറ്റ് കോള്‍ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോള്‍ സ്ഥിരീകരിച്ചു.

ചെന്നൈയിലും മുംബൈയിലും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ലീന മരിയ പോള്‍. മലയാളത്തില്‍ റെഡ് ചില്ലീസ് അടക്കം ചില സിനിമകളില്‍ ലീന മരിയ പോള്‍ അഭിനയിച്ചിട്ടുണ്ട്. തട്ടിപ്പു കേസുകളില്‍ പ്രതിയായ ലീന മരിയ പോളിനെ 2013 ല്‍ ദില്ലി പൊലീസും 2015 ല്‍ മുംബൈ പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസിന് കൈമാറുകയായിരുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പിലാണ് മുംബൈ പൊലീസും അറസ്റ്റ് ചെയ്തത്.