ലീക്കായത് സങ്കീർണമായ ചതിയുടെ കഥകള്‍; കേന്ദ്രം അന്വേഷിക്കില്ല, പിന്നെ ആര് അന്വേഷിക്കും ? ചോദ്യങ്ങളുമായി ശശി തരൂർ

Jaihind News Bureau
Monday, January 18, 2021

 

റിപ്പബ്ലിക് ടി.വി ചാനല്‍ എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റില്‍ ചോദ്യങ്ങളുമായി ശശി തരൂർ എം.പി. പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റിലൂടെ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് മറനീക്കിയിരിക്കുന്നതെന്ന് ശശി തരൂർ എം.പി ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യസുരക്ഷാ സംബന്ധിയായ രഹസ്യങ്ങള്‍ പോലും സ്വകാര്യ ചാനലിന് നല്‍കുക, 40 പട്ടാളക്കാരുടെ മരണം  “നമ്മൾ വിജയിച്ചു” എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക, ടെലിവിഷന്‍ റേറ്റിംഗ് പോയിന്‍റ് തുടങ്ങിയ കാര്യങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇക്കാര്യങ്ങളിലെ സങ്കീർണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ കേന്ദ്ര സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തില്ലെന്ന് അനുമാനിക്കേണ്ടിവരും. പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്നും പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടിവരുമോ എന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

 

ശശി തരൂർ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) “രാജ്യസ്നേഹി”യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം “നമ്മൾ വിജയിച്ചു” എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRP യുടെ വഞ്ചനാപരമായ കൃത്രിമത്വം.

ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?